തിരുവനന്തപുരം: ബസിൽ സമീപത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയൊട് അപമര്യാദയായി പെരുമാറിയ ഡപ്യൂട്ടി ലേബർ കമ്മിഷണറും ഡപ്യൂട്ടേഷനിൽ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ സുരേഷ് (51) അറസ്റ്റിൽ. നാഗർകോവിലിലെ എൻജിനീയറിങ് കോളജിൽ പഠിക്കുന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് സുരേഷ് അറിസ്റ്റിലായത്.

കായംകുളം കൃഷ്ണപുരം സ്വദേശിയാണ് ഇയാൾ.ബസിൽ തനിക്കൊപ്പമിരുന്ന യുവതിയുടെ ശരീരത്തിൽ ഇയാൾ മോശമായി സ്പർശിക്കുക ആയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റിൽ ഒപ്പം വന്നിരുന്ന സുരേഷ് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോൾ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ കയറി പിടിച്ചു.

വിദ്യാർത്ഥിനികൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോൾ സുരേഷ് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റു യാത്രക്കാർ തടഞ്ഞു മംഗലപുരം പൊലീസിനെ ഏൽപിച്ചു.