ഹൈദരാബാദ്: കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രാദേശിക പാർട്ടികളുമായി ചേർന്ന് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി സിപിഎം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി.

സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയപ്പോഴാണ് തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായി വിജയൻ ചർച്ച നടത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റു നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിണറായി കെസിആറുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന പാർട്ടി കോൺഗ്ര് പ്രമേയത്തിന്റെ കരടിന് സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, പ്രാദേശിക പാർട്ടികളുമായി സഖ്യസാധ്യതകൾ സിപിഎം തേടുന്നത്.

ബിജെപിക്കെതിരെ മൂന്നാംമുന്നണി രൂപീകരിക്കാനായി കെസിആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രീയ സമിതി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശ്രമിച്ചിരുന്നു. മമത ബാനർജി അടക്കമുള്ള നേതാക്കളുമായി കെസിആർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്ന് പറയുമ്പോഴും, ബംഗാൾ മോഡൽ പ്രാദേശീക സഖ്യമാകാമെന്നാണ് സിപിഎം സ്വീകരിച്ചിരിക്കുന്ന നിലപാട്. അതേസമയം, കോൺഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടിലാണ് സിപിഐയുള്ളത്.