തിരുവനന്തപുരം: പൊലീസ് സേനയിൽ നിയമനം നൽകണമെന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ നിവേദനം സർക്കാർ അഭിപ്രായമറിയാനായി പൊലീസ് ആസ്ഥാനത്തിനു കൈമാറി. ലഭിക്കുന്ന പരാതി നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറിയതാണെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

ഇതു സംബന്ധിച്ച ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു.

ചില സംസ്ഥാനങ്ങളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്കു പൊലീസ് സേനയിൽ ജോലി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെയും പരീക്ഷകളുടെയും അടിസ്ഥാനത്തിൽ സേനയിൽ ജോലി നൽകണമെന്നാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ആവശ്യം.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയെയും പരിശീലനത്തിന്റെ ചുമതലയുള്ള എഡിജിപിയെയും സർക്കാരിനു റിപ്പോർട്ട് നൽകാൻ നിയോഗിച്ചിട്ടില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന വിവരം.