ശബരിമല: പൊലീസുകാരുടെ അയ്യപ്പഭക്തി ഭക്തരെ വലയ്ക്കുന്നുവോ? ശബരിമലയിൽ സോപാനത്ത് ജോലിചെയ്യുന്ന ചില പൊലീസുകാരുടെ സമീപനത്തിനെതിരേ പരാതി ഉയരുകയാണ്. ഇവരിൽ ഒരുവിഭാഗം അയ്യപ്പഭക്തരോട് മോശമായി പെരുമാറുന്നുവെന്നും ആരോപണമുണ്ട്. നന്നായി ജോലിചെയ്യുന്ന മറ്റ് പൊലീസുദ്യോഗസ്ഥർക്കുകൂടി പേരുദോഷം ഉണ്ടാക്കുന്നു.

പൂജാസമയത്ത് പൂർണമായും പൊലീസുകാർ സോപാനം നിറയുന്നതായും പരാതിയുണ്ട്. ഇതുകാരണം ഈ സമയങ്ങളിൽ ഭക്തർക്ക് ദർശനത്തിനായി കാത്തുനിൽക്കേണ്ടിവരുന്നു. സന്നിധാനത്ത് ജോലിനോക്കാൻ താത്പര്യപ്പെട്ടുവരുന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ മാത്രമേ ഭക്തരോടുള്ള സമീപനത്തിൽ മാറ്റം വരുകയുള്ളൂവെന്ന് ഭക്തർ പറയുന്നു.

അതിനിടെ മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ നടവരവ് 22 കോടി കടന്നു. വെള്ളിയാഴ്ചത്തെ കണക്കുപ്രകാരം അപ്പത്തിന് ഒരുകോടി രൂപയും അരവണയ്ക്ക് ഒമ്പതരക്കോടി രൂപയും കാണിക്കയായി പതിനൊന്നരക്കോടി രൂപയും ലഭിച്ചു.