- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രസീലിൽ മലയിടിഞ്ഞു വീണത് രണ്ട് ടൂറിസ്റ്റ് ബോട്ടുകൾക്ക് മുകളിൽ; തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രത്തിലെ അപകടത്തിൽ ഏഴുപേർ മരണമടഞ്ഞു; കനത്ത മഴയിൽ ദുർബലമായ മലഞ്ചെരിവുകൾ അപകടങ്ങൾക്ക് കാരണമാകുമ്പോൾ
തെക്ക് കിഴക്കൻ ബ്രസീലിലെ തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രമായ കാപിറ്റോളിയോ ടൂറിസ്റ്റ് വില്ലേജിൽ ഒരു വെള്ളച്ചാട്ടത്തിനടുത്തുള്ള ചെങ്കുത്തായ മലഞ്ചെരിവ് ഇടിഞ്ഞ് ടൂറിസ്റ്റ് ബോട്ടുകളിൽ പതിച്ചതിനെ തുടർന്ന് ചുരുങ്ങിയത് ഏഴുപേരെങ്കിലും മരണമടഞ്ഞതായി റിപ്പോർട്ടുകൾ വരുന്നു. ഒമ്പത് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് മൂന്ന്പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മറ്റുചിലരെ കൂടി കാണാതായെങ്കിലും അവരെ ടെലിഫോൺ വഴി ബന്ധപ്പെടാൻ കഴിഞ്ഞതായും അധികൃതർ അറിയിച്ചു. തടാകത്തിൽ ഇപ്പോൾ രക്ഷാ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
മലഞ്ചെരുവിൽ നിന്നും ഒരു ഭീമൻ പാറ അടർന്നുമാറി സാവധാനം രണ്ട് ടൂറിസ്റ്റ് ബോട്ടുകൾക്ക് മുകളിൽ പതിക്കുന്ന രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത് ഒരു ബോട്ടിൽ പതിച്ച ഉടൻ യാത്രക്കാർ നിലവിളിക്കുന്ന ശബ്ദവും കേൾക്കാം. അവിടെ നിന്നും പാറയുടെ അവശിഷ്ടങ്ങൾ തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു ബോട്ടിലും പതിക്കുകയായിരുന്നു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അവരിൽ ഒമ്പതുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പരിക്കുപറ്റിയവരിൽ പലരുടെയും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ഒരാൾക്ക് തലയിലും മുഖത്തും ഗുരുതരമായ പരിക്കുകളുണ്ട്.
മറ്റ് ടൂറിസ്റ്റ് ബോട്ടുകളിൽ നിന്നെടുത്ത വീഡിയോ ദൃശ്യങ്ങളിൽ, ഈ ചരിവിനു കീഴിൽ പോയ ബോട്ടുകളോട് തിരിച്ചുവരാൻ ആവശ്യപ്പെടുന്നത് കാണാം. പാറ അടരാൻ തുടങ്ങിയപ്പോഴായിരുന്നു ഇത്. ഇത്തരത്തിൽ ഒരു സംഭവം ഇതിനുമുൻപ് ഉണ്ടായിട്ടില്ലെന്നും, ഏഴുപേരിൽ അധികം മരണമടഞ്ഞിട്ടുണ്ടാകുമെന്നും അവിടെയുള്ള മറ്റൊരു ബോട്ട് ഡ്രൈവർ മാധ്യമങ്ങളോട് പറഞ്ഞു. ഏതായാലും പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ തിരച്ചിൽ നടക്കുന്നുണ്ട്. മുങ്ങൽ വിദഗ്ദർ തടാകത്തിന്റെ ഓരോ കോണിലും അരിച്ചുപെറുക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്തിരുന്ന ശക്തമായ മഴയാണ് പാറ ഇടിഞ്ഞുവീഴാൻ ഇടയാക്കിയത് എന്നാണ് അനുമാനിക്കുന്നത്. ഇതിനു മുൻപ് തന്നെ വെള്ളച്ചാട്ടത്തിന്റെ ഭാഗത്ത് പോകുന്നത് ഒഴിവാക്കണമെന്ന് തദ്ദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാഴ്‌ച്ചയോളം തുടർച്ചയായി മഴപെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച്ച ഒരു ഇരുമ്പ് ഖനിക്ക് അടുത്തുണ്ടായിരുന്ന ചിറ കവിഞ്ഞൊഴുകിയതിനെ തുടർന്ന് സ്ഥലത്തെ പ്രധാന ഹൈവേയിലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഈ പ്രദേശത്ത് പാറകൾ ഇടിഞ്ഞുവീഴുന്നത് സാധാരണമാണെങ്കിലും ഇത്രയും വലിയ പാറ വീഴുന്നത് ആദ്യമായിട്ടാണെന്നായിരുന്നു പ്രദേശത്തെ അഗ്‌നിശമനസേനയുടെ വക്താവായ ലെഫ്റ്റനന്റ് പെഡ്രോ അലിഹാര മാധ്യമങ്ങളോട് പറഞ്ഞത്. സാധാരണയായി, പ്രധാന മലഞ്ചെരുവിൽ നിന്നും അടർന്ന് മാറുന്ന പാറകൾ താഴേക്ക് ഊർന്നിറങ്ങുകയാണ് പതിവ്. എന്നാൽ ഇത്തവണ അത് നേരെ കുത്തനെ പതിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഈ ദുരന്തത്തെ കുറിച്ച് ബ്രസീലിയൻ നേവി ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.