ന്യൂ ഡൽഹി: നീറ്റ് - പിജി പ്രവേശനത്തിനുള്ള കൗൺസിലിങ് ബുധനാഴ്‌ച്ച തുടങ്ങും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.

കൗൺസിലിങ് ആരംഭിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയിരുന്നു. നീറ്റ് പിജി പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.


ഒ.ബി.സി, മുന്നാക്ക സംവരണത്തിനുള്ള നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ഈ വർഷം കൗൺസിലിങ് നടത്താമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഒ.ബി.സി വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണം ഭരണഘടനാപരമായി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് എതിരായ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കിയിരുന്നു.

മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനവും മുന്നാക്ക വിഭാഗങ്ങൾക്കുള്ള 10 ശതമാനവും സാമ്പത്തിക സംവരണവും നൽകി ഈ വർഷം നീറ്റ് പി.ജി കൗൺസലിങ് നടത്താനാണ് സുപ്രീം കോടതി അനുമതി നൽകിയത്. കൗൺസലിങ് തടസ്സമില്ലാതെ നടക്കുന്നതിനാണ് അനുമതിയെന്ന് കോടതി വ്യക്തമാക്കി.

കൗൺസിലിങ് നടപടികളെ കുറിച്ച് വിശദമായി അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് ... സന്ദർശിക്കാം.