തിരുവനന്തപുരം: സംസ്ഥാനത്ത് പരിധിയിൽ കൂടുതൽ വേഗത്തിൽ വാഹനത്തിൽ പോകുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന് കൂട്ടായി ഇനി 'മിന്നൽ മുരളി'യും. മിന്നൽ മുരളിയെ കൂട്ടുപിടിച്ച് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഒരു വാർണിങ് പരസ്യമാണ് ശ്രദ്ധനേടുന്നത്.

ബോധവത്കരണത്തിനായാണ് മോട്ടോർ വാഹനവകുപ്പുമായി മിന്നൽ മുരളി കൈകോർത്തത്. മിന്നൽ പോലെ റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്നവർക്ക് താക്കീതുമായാണ് മോട്ടോർ വാഹനവകുപ്പിനൊപ്പം മിന്നൽ മുരളിയും എത്തിയിരിക്കുന്നത്.

റോഡ് യാത്രക്കാർക്ക് അവബോധം നൽകുന്ന വീഡിയോ ടൊവിനോ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. അമിത വേഗതയിൽ എത്തുന്ന യാത്രക്കാരെ തടഞ്ഞുനിർത്തി എം വിഡി ഉദ്യോഗസ്ഥർ ലൈവായി മിന്നൽ മുരളിയുടെ ഉപദേശം കേൾപ്പിക്കുന്നതാണ് വീഡിയോയിൽ.

ഇവിടെ ഒരു മിന്നൽ മുരളി മതിയെന്നും, മേലാൽ ആവർത്തിക്കരുതെന്നും, തന്റെ കഞ്ഞിയിൽ പാറ്റ ഇടരുതെന്നുമാണ് എം വിഡി കാണിച്ചു കൊടുക്കുന്ന ടാബിൽ മിന്നൽ മുരളി ലൈവായി അമിത വേഗതയിൽ എത്തിയവരോട് പറയുന്നത്. സിനിമയുടെ സ്വാധീനശേഷിയും ജനകീയതയും പരിഗണിച്ചുകൊണ്ടാണ് മിന്നൽ മുരളിയുടെ കൈകോർക്കാൻ എം വിഡി രംഗത്തെത്തിയത്.

സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാൻ എംവിഡിയുടെ പുതിയ പദ്ധതിയുടെ പരസ്യമാണ് വൈറലാകുന്നത്. മിന്നൽ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

പരിധിയിൽ കൂടുതൽ വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുള്ള ഒരു ഉപകരണവും ഉണ്ട്. ഈ ഉപകരം ഉപയോഗിച്ച് നിയമം ലംഘിക്കുന്നവരെ പിടിക്കൂടുകയും ശിക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് റിയൽ ഹീറോസ് ഗോ സ്ലോ എന്ന ഒരു ടീഷർട്ടു നൽകും.

സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഈ പരസ്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളെ എന്ന് പറഞ്ഞാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മിന്നൽ തരംഗം, ആരും ഇനി മിന്നൽ ആകരുത്, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 

റിലീസിന് മുന്നേ തന്നെ മിന്നൽ മുരളിയുടെ കേരള പൊലീസ് വേർഷൻ ഇറങ്ങിയിരുന്നു. മിന്നൽ മുരളി എന്ന സിവിൽ പൊലീസ് ഓഫീസറായിരുന്നു കേരള പൊലീസിന്റെ വേർഷനിലെ നായകൻ. മോഷണം തടയുകയും, പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ പിടിക്കുകയും ഗുണ്ടകളെ ഒതുക്കുകയയും ചെയ്യുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇതിൽ അവതരിപ്പിച്ചിരുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ലോകമെമ്പാടും ശ്രദ്ധനേടിയിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. വിവിധ മേഖലകളിൽ മിന്നൽ മുരളി തരംഗമാകുമ്പോഴാണ് ഓവർ സ്പീഡുകാരെ പൂട്ടാൻ എംവിഡി പുതിയ പദ്ധതി ഒരുക്കിയിരിക്കുന്നത്.