കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയടിച്ച ടിക്കറ്റിനെ ചൊല്ലി തർക്കം. കോതപറമ്പിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കോതപറമ്പ് സ്വദേശി ഷാജഹാന്റെ ലക്കി ലോട്ടറി വിൽപന കേന്ദ്രത്തിൽ നിന്നു വിൽപന നടത്തിയ ടിക്കറ്റിനാണു സമ്മാനം.

ഷാജഹാന്റെ സഹോദരൻ കുമ്പളത്ത് അസീമാണ് ടിക്കറ്റെടുത്തത്. അതേസമയം, ഇവിടെ നിന്നു സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള പുല്ലൂറ്റ് സ്വദേശി ഇല്ലത്തുപറമ്പിൽ സന്തോഷ് താൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഉൾപ്പെടെ 8 ടിക്കറ്റ് മാറ്റിവയ്ക്കാൻ പറഞ്ഞിരുന്നതായും ഷാജഹാൻ മറുപടി നൽകിയിരുന്നതായും സന്തോഷ് പറഞ്ഞു. ഡിവൈഎസ്‌പിക്കു പരാതി നൽകി.