- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനാന്തര യാത്രയ്ക്ക് നിയന്ത്രണം വന്നേക്കും; സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കും; ഓഫീസുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് കടന്നേക്കും; രാത്രികാല കർഫ്യൂവും പരിഗണനയിൽ; തീവണ്ടിയും വിമാനവും തൽകാലം സർവ്വീസ് നിർത്താനും സാധ്യത; ഓമിക്രോൺ ഭയം അതിശക്തം; വീണ്ടും കോവിഡ് നിയന്ത്രണങ്ങൾക്ക് ആലോചന
ന്യൂഡൽഹി: കോവിഡിൽ വീണ്ടും നിയന്ത്രണങ്ങൾക്ക് സാധ്യത. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ ഈ ഘട്ടത്തിൽ അവസരം നൽകും. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും അടയ്ക്കുന്നതും പരിഗണനയിലാണ്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കാനും സാധ്യതയുണ്ട്. സർക്കാർ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഇതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളോട് വർക്ക് ഫ്രം ഹോമിന് നിർദ്ദേശിക്കുകയും ചെയ്യും.
രാജ്യം ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സംസ്ഥാനാന്തര യാത്ര നിയന്ത്രിക്കണോ എന്നതുസംബന്ധിച്ചു കേന്ദ്രം ആലോചന തുടങ്ങി. റെയിൽ, വിമാന സർവീസുകളിൽ നിയന്ത്രണം വേണോ എന്നതാണു പരിശോധിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. ഈ വിഷയത്തിൽ ഒഴിച്ച് ബാക്കിയെല്ലാ നിയന്ത്രണത്തിലും തീരുമാനം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാനും വ്യോമയാന സെക്രട്ടറിയും പങ്കെടുത്തു. നിലവിലെ സ്ഥിതി നേരിടാൻ തീവ്ര നിയന്ത്രണം ഉറപ്പാക്കാൻ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങൾക്കു നിർദ്ദേശം നൽകി. ദേശീയതലത്തിൽ ലോക്ഡൗൺ ഉണ്ടാകില്ലെന്ന് ആവർത്തിക്കുമ്പോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തൽ കേന്ദ്രത്തിനുണ്ട്.
പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങൾക്കിടയിലെ യാത്ര. സംസ്ഥാനാന്തര യാത്രകൾക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിർദ്ദേശം. കോവിഡ് സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തും. അതിന് ശേഷം നിയന്ത്രണങ്ങളിൽ തീരുമാനം എടുക്കും. സ്‌കൂളുകൾ അടച്ചിടാനാണ് കൂടുതൽ സാധ്യത.
അതിനിടെ കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്തു മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്‌സീനെടുത്ത് 9 മാസം ( 39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവർ എന്നിവർക്കാണ് ഇപ്പോൾ കരുതൽ ഡോസ് ലഭ്യമാവുക. 60 കഴിഞ്ഞവർക്കു പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. ഇന്നലെ 6238 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആർ. 11 ശതമാനം കടന്നു. 54,108 സാമ്പിളുകളാണു പരിശോധിച്ചത്. തിരുവനന്തപുരം - 1507, എറണാകുളം - 1066, കോഴിക്കോട് - 740, തൃശൂർ - 407, കണ്ണൂർ - 391, കോട്ടയം - 364, കൊല്ലം - 312, പത്തനംതിട്ട - 286, മലപ്പുറം - 256, പാലക്കാട് - 251, ആലപ്പുഴ - 247, കാസർഗോഡ് - 147, ഇടുക്കി - 145, വയനാട് - 119 എന്നിങ്ങനെയാണു ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
ദേശീയതലത്തിലും ആശങ്കയുടെ ഗ്രാഫ് ഉയർത്തിയാണ് കോവിഡ് ബാധിതരുടെ പ്രതിദിനഎണ്ണവും മരണസംഖ്യയും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ പുതുതായി വൈറസ് ബാധിതരായത് 1,59,632 പേർ. ഒരു ദിവസത്തെ ഇടവേളയിൽ 327 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,83,790 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തൊട്ടുമുൻ ദിവസത്തേക്കാൾ പ്രതിദിന രോഗികളുടെ എണ്ണത്തിൽ 12.4 ശതമാനത്തിന്റെ വർധനയുണ്ടായി.
മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ആദ്യസ്ഥാനങ്ങളിൽ. പുതിയ രോഗികളിൽ 62.84 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. അതിതീവ്ര വ്യാപനശേഷിയുള്ള ഓമിക്രോൺ ബാധിച്ചവരുടെ എണ്ണം 3,623-ൽ എത്തി. 1,009 കേസുകളുമായി മഹാരാഷ്ട്ര ഓമിക്രോൺ ബാധിതരിൽ മുന്നിൽ തുടരുന്നു. 513 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണു രണ്ടാമത്.
മറുനാടന് മലയാളി ബ്യൂറോ