സാഖ്സ്ഥാനിൽ കനക്കുന്ന ആഭ്യന്തരകലാപത്തിൽ ഇതുവരെ 160 പേർ മരണമടഞ്ഞതായാണ് കണക്കാക്കുന്നത്. അതേസമയം സൈന്യത്തിന്റെ ജൈവശാസ്ത്ര ലബോറട്ടറി പിടിച്ചെടുത്തു എന്ന് കലാപകാരികളുടെ അവകാശവാദം കസാഖ്സ്ഥാൻ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. അതേസമയം പുറത്തുവന്ന 160 മരണങ്ങൾ സാധാരണക്കാരുടേതു മാത്രമാണോ എന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. നിയമനിർവ്വഹകരും കലാപത്തിൽ മരണമടഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, അൽമാറ്റിക്ക് അടുത്തുള്ള അമേരിക്കൻ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ജൈവ പരീക്ഷണശാലയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് അതീവ ഗുരുതരരോഗങ്ങൾക്ക് കാരണമായേക്കാവുന്ന നിരവധി രോഗകാരികളായ സൂക്ഷ്മാണുക്കളുടെ ചോർച്ചക്ക് ഇടയാക്കുമെന്നും അവർ പറയുന്നു. പൊതുജന കലാപം കടുത്തതോടെ വിമാനത്താവളവും, മേയറുടെ ഓഫീസും സീക്രറ്റ് സർവീസ് കെട്ടിടവുമൊക്കെ കലാപകാരികളുടെ അധീനതയിൽ ആയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ സഹായത്തോടെ പ്രവർത്തിക്കുന്ന, അതീവ രഹസ്യ സ്വഭാവമുള്ള ജൈവ പരീക്ഷണശാലയാണ് തകർന്നത് എന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. എന്നാൽ ഈ വാർത്ത തികഞ്ഞ അസത്യമേന്നായിരുന്നു കസാഖ്സ്ഥാൻ ആരോഗ്യമത്രാലയം പ്രതികരിച്ചത്. അൽമാറ്റിയിലെ സെൻട്രൽ റെഫെറൻസ് ലബോറട്ടറി കനത്ത സുരക്ഷയിലാണ് പ്രവർത്തിക്കുന്നതെന്നും അവിടം ഇപ്പോഴും സുരക്ഷിതമാണെന്നും അവർ പറയുന്നു.

എന്നാൽ, ആ ലബോറട്ടറിയുടെ നിയന്ത്രണം ചില അജ്ഞാതർ കൈക്കലാക്കി എന്ന സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകളെ ഉദ്ധരിച്ചുകൊണ്ടാണ് റഷ്യൻ ന്യുസ് ഏജൻസിയായ ടാസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2020-ൽ തന്നെ ഈ പരീക്ഷണശാല വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ജൈവായുധങ്ങൾ നിർമ്മിക്കുവാനുള്ള സംരംഭമാണെന്നായിരുന്നു അന്ന് ഇതിനെതിരെ ഉയർന്ന ആരോപണം. എന്നാൽ അക്കാര്യം ഔദ്യോഗിക വൃത്തങ്ങൾ നിഷേധിച്ചിരുന്നു.

2017- സ്ഥാപിതമായ ലബൊറട്ടറിയിൽ ഒരു ജൈവായുധവും നിർമ്മിക്കുന്നില്ലെന്ന് അന്ന് കസാഖ് സർക്കാർ വ്യക്തമാക്കിയിരുന്നു. അത്യന്തം അപകടകാരികളായ പകർച്ചവ്യാധികളെ കുറിച്ചുള്ള പഠനമാണ് അവിടെ നടക്കുന്നത് എന്നായിരുന്നു അന്ന് സർക്കാർ പ്രതികരിച്ചത്. എന്നാൽ, അതിന്റെ പേരിൽ ധാരാളം അപകടകാരികളായ രോഗകാരികളെ അവിടെ ശേഖരിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. 2018-ൽ പുതയോരുതരം മെനിഞ്ചിറ്റിസ് രോഗം ഇവിടെ നിന്നും ചോർന്ന രോഗാണുവിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന ഒരു ആരോപണം ഉയർന്നിരുന്നു. എന്നാൽ, അതും സർക്കാർ നിഷേധിക്കുകയായിരുന്നു.

ലബൊറട്ടറിക്കെതിരെയും പ്രക്ഷോഭകാരികൾ തിരിഞ്ഞതൊടെ റഷ്യൻ സമാധാന സേന കർശനമായ നടപടികൾ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ, അതുപോലെ സുസംഘടിതമായ ഒരു ആയുധ സംഘം കലാപകാരികൾക്ക് ഒപ്പവും ഉണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രക്ഷോഭകാരികളിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളിൽ നിരവധി അത്യാധുനിക ആയുധങ്ങളും ഉണ്ട്. ഇവയിൽ പലതും വിദേശനിർമ്മിതങ്ങളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഏത് രാജ്യത്തുനിന്നുള്ളതാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

മുൻ പ്രസിഡണ്ട് നൂർസുൽത്താൻ നാസർബായേവിന്റെ അടുത്ത അനുയായിയും സെക്യുരിറ്റി സർവീസ് മേധാവിയുമായ കരിം മാസിമോവിനെ കഴിഞ്ഞയാഴ്‌ച്ചയിലെ കലാപവുമായി ബന്ധപ്പെട്ട് വഞ്ചനാ കുറ്റത്തിന് തടവിലാക്കി എന്ന റിപ്പൊർട്ടും പുറത്തുവന്നിട്ടുണ്ട്. അതേസമയം റഷ്യയും സഖ്യരാഷ്ട്രമായ ബെലാറസും കസഖ്സ്ഥാനിലേക്ക് സൈന്യങ്ങളെ അയച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിൽ പ്രതിഷേധക്കാർ നിരവധി സർക്കാർ കെട്ടിടങ്ങൾ കൈക്കലാക്കിയിട്ടുണ്ട്. ഇവിടെ മാത്രം ഏകദേശം 130 പേർ കലാപത്തിൽ മരണമടഞ്ഞതായാണ് കണക്ക്. അതിൽ മൂന്നുപേർ കുട്ടികളാണെന്നാണ് ബാലാവകാശ ഓംബുഡ്സ്മാൻ വെളിപ്പെടുത്തിയത്. നിരവധി സർക്കാർ കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീവെയ്ക്കുകയും ചെയ്തതായി ആഭ്യന്ത്രര മന്ത്രാലയം വെളിപ്പെടുത്തി.

കലാപത്തിന്റെ ഭാഗമായി ഏകദേശം 5,800 പേരോളം പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് കസാഖ്സ്ഥാൻ പ്രസിഡണ്ടിന്റെ ഓഫീസ് വെളിപ്പെടുത്തുന്നു. ഇപ്പോൾ എല്ലാ കാര്യങ്ങളും നിയന്ത്രണാധീനമാണെന്നും കലാപത്തെ ഒതുക്കിയതായും പ്രസിഡണ്ടിന്റെ വക്താവ് പറയുന്നു. പലയിടങ്ങളിലും കലാപകാരികളെ കണ്ടാൽ ഉടൻ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിട്ടിട്ടുമുണ്ട്. എൽ പി ജി ഇന്ധനത്തിന്റെ വിലവർദ്ധനയിൽ പ്രതിഷേധിച്ചു നടന്ന സമരമാണ് ഇപ്പോൾ രാജ്യത്താകെ ആഭ്യന്തരകലാപമായി കത്തിപ്പടരുന്നത്.

നാടെരിയുമ്പോൾ വീണവായിക്കുന്ന അലിയ രാജകുമാരി

കസാഖ്സ്ഥാനിലെ സാധാരണക്കാർ ജീവിതദുരിതങ്ങൾ സഹിക്കാനാകാതെയാണ് മരണം പോലും മുന്നിൽ കണ്ടുകൊണ്ടുള്ള കലാപത്തിനിറങ്ങിയത്. എന്നാൽ, കലാപത്തെ തുടർന്ന് ഒളിച്ചോടിയ മുൻ പ്രസിഡണ്ടും സ്വയം അവരോധിത രാഷ്ട്രപിതാവുമായ നൂർസുൽത്താൽ നാസർവായേവയുടെമകൾ ആലിയ നാസബായേവ ലണ്ടനിൽ ആഡംബര ജീവിതത്തിലാണ്. 220 മില്യൺ പൗണ്ടിന്റെ ആസ്തിയാണ് ഇവർ രാജ്യത്തിനു പുറത്തേക്ക് കടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

18 മില്യൺ പൗണ്ട് വിലവരുന്ന ആഡംബര ജറ്റ് വിമാനവും 8.75 മില്യൺ പൗണ്ട് വിലവരുന്ന ആഡംബര സൗധവുമൊക്കെയായി ഈ 41 കാരി ലണ്ടനിൽ സുഖജീവിതം നയിക്കുകയാണ്. ബ്രിട്ടനിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവർ വടക്കൻ ലണ്ടനിലെ ഹൈഗേയ്റ്റിൽ ഒരു വസതി വാങ്ങിയത്. അതോടൊപ്പം ഒരു ചലഞ്ചർ ബോംബാർഡിയർ ജെറ്റ് വിമാനവും വാങ്ങി. രണ്ട് സാമ്പത്തിക ഉപദേഷ്ടാക്കളോട് തന്റെ സമ്പാദ്യം മുഴുവൻ വിദേശത്തുള്ള രണ്ട് ട്രസ്റ്റുകളിലേക്കും അതുപോലെ ലൈക്ടെൻ സ്റ്റീൻ മുതൽ ബ്രിട്ടീഷ് വെർജിൻ ഐലൻഡുവരെയുള്ളിടങ്ങളിലുള്ള വിവിധ കമ്പനികളിലേക്കും മാറ്റാൻ ഉത്തരവിട്ടതിനു ശേഷമായിരുന്നു ഇവർ ഇത് വാങ്ങിയത്.

ഇതിനു പുറമെ 2006-ൽ ദുബായിൽ 14 മില്യൺ ഡോളർ വിലവരുന്ന ഒരു ആഡംബര സൗധവും ഇവർ സ്വന്തമാക്കി. എന്നും ഒരു നിഴൽപോലെ ആലിയയ്ക്കൊപ്പം നിന്നിരുന്ന രണ്ട് സാമ്പത്തിക ഉപദേഷ്ടാക്കളുമായി ഇവർ തെറ്റിപ്പിരിഞ്ഞതോടെയാണ് ഇവരുടെ അഴിമതികഥകൾ എല്ലാം പുറത്തുവന്നത്. സ്വാതന്ത്ര്യം ലഭിച്ച 1991 മുതൽ ഏകദേശം മൂന്ന് പതിറ്റാണ്ടുകാലം കസാഖ്സ്ഥാനിന്റെ പ്രസിഡണ്ടായി തുടർന്ന നൂർസുൽത്താൻ നാസർബയേവയുടെ ഏറ്റവും ഇളയ പുത്രിയാണ് ആലിയ നാസർബായേവ.

വിലവർദ്ധനവിനൊപ്പം നാസർബായെവും കുടുംബാംഗങ്ങളും വിദേശങ്ങളിൽ സ്വത്ത് സമ്പാദിക്കുന്നതും ഈ ലഹളയ്ക്ക് കാരണമായിട്ടുണ്ട്. പിതാവ് റഷ്യയിലേക്ക് മുങ്ങിയപ്പോൾ ഇവർ ദുബായ് വഴി ലണ്ടനിലേക്കെത്തുകയായിരുന്നു.