പൊടിമറ്റം: ക്രിസ്തുവിൽ അടിയുറച്ച വിശ്വാസതീക്ഷ്ണതയും പരസ്പരം സ്നേഹിച്ചും സഹകരിച്ചും വിശ്വസ്തതയോടെ വർത്തിക്കുന്ന കുടുംബങ്ങളുമാണ് ക്രൈസ്തവ മുഖമുദ്രയെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ.

പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും കാലഘട്ടം ഓരോവ്യക്തിയുടെയും ജീവിതത്തിലുടനീളമുണ്ടാകും. പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും പരിശുദ്ധ മാതാവിന്റെ സവിധത്തിലേയ്ക്ക് കടന്നുവന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ആശ്വാസം കണ്ടെത്തുവാനും സഭാമക്കൾക്കാകണമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.

സുവർണ്ണജൂബിലിയോടനുബന്ധിച്ച് ഇടവകയിലെ 31 കുടുംബക്കൂട്ടായ്മകളും എല്ലാ കുടുംബങ്ങളും ഇടവകാതിർത്തിക്കുള്ളിലെ വിവിധ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുനടത്തുന്ന ജപമാലപ്രദക്ഷിണത്തിന്റെ ഉദ്ഘാടനവും മാതാവിന്റെ തിരുസ്വരൂപ വെഞ്ചിരിപ്പും മാർ അറയ്ക്കൽ നിർവ്വഹിച്ചു.

സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ഇടവക കുടുംബസമ്മേളനത്തിൽ പൗരോഹിത്യ രജതജൂബിലിയിലേയ്ക്ക് പ്രവേശിച്ച വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. അഗസ്റ്റിൻ നെല്ലിയാനി എന്നിവരെ കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആദരിച്ചു. ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, ഇടവകട്രസ്റ്റി ഡോമിനിക് കിഴക്കേമുറി എന്നിവർ സംസാരിച്ചു. ഭക്തിനിർഭരവും വർണ്ണാഭവുമായ പ്രദക്ഷിണവും സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് രൂപം നൽകിയ 50 അംഗ ഗായകസംഘത്തിന്റെ ജൂബിലി ഗാനാലാപനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും തിരുനാളാഘോഷങ്ങളെയും സമ്മേളനത്തെയും മോടിപിടിപ്പിച്ചു.

വരുംമാസങ്ങളിൽ ആത്മീയ കുടുംബ നവീകരണ ധ്യാന പ്രാർത്ഥനാ കൂട്ടായ്മകൾ, ഇടവക വിദ്യാഭ്യാസ സഹായനിധി, യുവജന, വനിത, കുടുംബകൂട്ടായ്മാ സമ്മേളനങ്ങൾ, സാംസ്‌കാരിക, വിദ്യാഭ്യാസ, എക്യുമെനിക്കൽ, പ്രവാസി, കാർഷിക സെമിനാറുകൾ എന്നിവ സംഘടിപ്പിക്കപ്പെടും. 2022 സെപ്റ്റംബർ 18ന് സുവർണ്ണജൂബിലി ആഘോഷങ്ങൾ സമാപിക്കും.

വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. അഗസ്റ്റിൻ നെല്ലിയാനി, ട്രസ്റ്റിമാരായ ബോബച്ചൻ കൊണ്ടുപ്പറമ്പിൽ, ഡോമിനിക് കിഴക്കേമുറി, ജോർജ്ജുകുട്ടി വെട്ടിക്കൽ, ജോയി കല്ലുറുമ്പേൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ, ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, പിആർഓ ഡോ. ജോജോ കെ. ജോസഫ് കുളങ്ങര, പബ്ലിസിറ്റി കൺവീനർ ജെയ്സൺ ചെംബ്ലായിൽ എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.