ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹ മന്ത്രി റാവു സാഹിബ് പട്ടീൽ ദാൻവേ. പാർലിമെന്റിൽ ശൂന്യ വേളയിൽ കെ. മുരളീധരൻ എം. പി വിഷയം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.

കെ റെയിൽ റെയിൽവേയുടെയും കേരളാ സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. 51% കേരളാ സർക്കാരും 49% കേന്ദ്ര സർക്കാരുമാണ് സംരംഭത്തിനായി മുടക്കുന്നത്. 530 കിലോ മീറ്റർ നീണ്ട, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയിൽവേ സ്ഥാപിക്കുന്നതിന് വേണ്ടി കെ റെയിൽ സർവ്വേക്ക് ശേഷം വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിട്ടുണ്ട്.

63493 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ടെക്നോ-ഇക്കണോമിക് വയബിലിറ്റി കൂടി പരിഗണിക്കാനുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു. അലിഗ്‌ന്മെന്റ്, നിർമ്മാണ രീതി, ഭൂമിഏറ്റെടുക്കൽ എന്നിവ ഇപ്പോൾ തീരുമാനം ആയിട്ടില്ല എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേ സമയം ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നാണ് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ അറിയിച്ചത്.

2013ലെ നിയമ പ്രകാരം സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് റെയിൽവേ വ്യക്തമാക്കി. കെ റെയിൽ ഒരു പ്രത്യേക റെയിൽവേ പദ്ധതിയല്ല. അതുകൊണ്ട്തന്നെ കേന്ദ്ര സർക്കാറിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കുന്നതിന് ആവശ്യമില്ലെന്നായിരുന്നു റെയിൽവേ കോടതിയെ അറിയിച്ചത്.

കെ റെയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് റെയിൽവേ നിലപാടറിയിച്ചത്.വിജ്ഞാപന പ്രകാരം സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരം സർവേ തുടരുകയാണെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിലെ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, കെ റെയിൽ നഷ്ടപരിഹാരത്തിൽ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ ലഭിക്കുന്ന തുകയിൽ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളിൽ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തിൽ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സർക്കാർ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാൻ സമയമാകാത്തതുകൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

കല്ലിട്ട് സർവേ നടപടികൾ തുടങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. കടുത്ത എതിർപ്പുമായും ആത്മഹത്യ ഭീഷണിയുമായും നിർധനരായ നിരവധി കുടുംബങ്ങളാണ് രംഗത്ത് വന്നത്. കിടപ്പാടം നഷ്ടപ്പെടുന്നതിന്റെ ആശങ്കയാണ് ഇവർ പങ്കുവച്ചത്.

കല്ലിട്ട് സർവേ നടത്തുന്നതോടെ വസ്തുവിന്റെ കൈമാറ്റസാധ്യത നഷ്ടപ്പെടുമെന്ന ഭയമാണ് ഭൂ ഉടമകൾക്ക്. സർവേ നടത്തിയ ശേഷം പദ്ധതി അനിശ്ചിതമായി നീണ്ടാൽ ഇക്കാലമത്രയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഭൂ ഉടമകളെ ആശങ്കയിലാഴ്‌ത്തുന്നത്.

സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കിയാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവർഷത്തിനിടെ നടന്ന ഭൂമിവിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. പ്രാഥമിക വിജ്ഞാപനം വരുന്ന ദിവസത്തിനു മുമ്പേയുള്ള മൂന്നുവർഷത്തെ രജിസ്ട്രേഷൻ വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കണമെന്ന് നിബന്ധനയുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.

സാമൂഹിക ആഘാത പഠന റിപ്പോർട്ടാണ് പദ്ധതിയുടെ ഭാവി നിശ്ചയിക്കുന്നത്. പദ്ധതിയോട് എതിർപ്പുള്ള പ്രദേശവാസികൾക്ക് പഠനം നടക്കുന്ന വേളയിൽ ഇക്കാര്യം വ്യക്തമാക്കാം. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കും. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് സ്ഥലമേറ്റെടുക്കൽ വേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്.

സമിതി ശുപാർശ ചെയ്താൽ സർക്കാർ പ്രാഥമിക വിജ്ഞാപനം ഇറക്കണം. ജില്ലാതല പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് സ്ഥലവില സംബന്ധിച്ച് ഭൂ ഉടമകളുമായി ധാരണയിലെത്തണം. ഒരുവർഷമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ അന്തിമവിജ്ഞാപനം ഇറക്കണം.

ഒരുവർഷത്തിനുള്ളിൽ തുക കൈമാറി വസ്തു ഏറ്റെടുക്കണം. ഇതിൽ വീഴ്ച സംഭവിച്ചാൽ അതുവരെ നടന്ന നടപടികളെല്ലാം റദ്ദാക്കപ്പെടും. സാമൂഹിക ആഘാത പഠനം ആരംഭിച്ച സ്ഥിതിക്ക് രണ്ടരവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കേണ്ടതുണ്ട്.

പ്രാഥമിക വിജ്ഞാപനം വന്നശേഷവും ഉടമയ്ക്ക് ഭൂമി വിൽക്കാം. തഹസിൽദാർക്ക് അപേക്ഷ നൽകിയാൽ ആധാരം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകും. വില നിശ്ചയിച്ച് അന്തിമവിജ്ഞാപനം ഇറങ്ങിയാൽ ഭൂമി കൈമാറ്റത്തിന് വിലക്ക് വരും.

ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും മരങ്ങൾക്ക് വനംവകുപ്പുമാണ് വിലനിശ്ചയിക്കുന്നത്. അടിസ്ഥാനവില, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയുടെ വില, പ്രദേശത്തിന്റെ ഘടന അനുസരിച്ചുള്ള പ്രത്യേക വിഹിതം എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പോളവില നിശ്ചയിക്കുന്നത്. ഇതിന്റെ ഇരട്ടി ആശ്വാസധനത്തിന് അർഹതയുണ്ട്.

സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങിയ ദിവസംമുതൽ ഭൂമിവിലയുടെ 12 ശതമാനം പലിശയ്ക്ക് ഭൂ ഉടമകൾക്ക് അർഹതയുണ്ട്. കെ-റെയിൽ നഷ്ടപരിഹാര പാക്കേജിൽ കൂടുതൽ എതിർപ്പുയരുന്നത് ഗ്രാമപ്രദേശങ്ങളിലെ നഷ്ടപരിഹാരം സംബന്ധിച്ച്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളും ഗ്രാമങ്ങളും തമ്മിൽ കാര്യമായ അകലമില്ലാത്തതിനാൽ കുറഞ്ഞ നഷ്ടപരിഹാരമാകും ഭൂ ഉടമകൾക്ക് കിട്ടുകയെന്ന് പദ്ധതിയെ എതിർക്കുന്നവർ ആരോപിക്കുന്നു.

അവസാന മൂന്നുവർഷത്തെ ക്രയവിക്രയങ്ങൾ അടിസ്ഥാനമാക്കി വില നിശ്ചയിച്ചാലും കമ്പോളവില കിട്ടില്ലെന്നു പരാതിയുണ്ട്. നഗരകേന്ദ്രങ്ങളിൽനിന്നുള്ള അകലം കണക്കിലെത്ത് നഷ്ടപരിഹാരത്തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള പ്രദേശത്തിന് അടിസ്ഥാനവിലയുടെ ഇരട്ടിക്ക് അർഹതയുണ്ട്. എന്നാൽ സംസ്ഥാനത്തിന് ഇത്തരം പ്രദേശങ്ങൾ കുറവാണ്.

സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് സുധാകരൻ പറഞ്ഞത്.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നും സുധാകരൻ പറഞ്ഞിരുന്നു. ക്രമസമാധാന തകർച്ച മുഖ്യമന്ത്രി ക്ഷണിച്ച് വരുത്തരുതെന്നും കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.

തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ വേഗ റെയിൽ പദ്ധതിക്കുള്ള വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ തീർത്തു പറഞ്ഞതോടെ എതിർപ്പുകൾ അവഗണിച്ചു പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. ഫലത്തിൽ, എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നു നിയമസഭയിൽ ഉൾപ്പെടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇനി അഭിമാന പോരാട്ടം കൂടിയാണ് സിൽവർ ലൈൻ പദ്ധതിക്കു വേണ്ടിയുള്ള നടപടികൾ.

ഇപ്പോൾ തന്നെ ഭീമമായ കടബാധ്യതയിൽ പെട്ടുഴലുന്ന സംസ്ഥാന സർക്കാരിനു സിൽവർ ലൈൻ പദ്ധതിയുടെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ ത്രാണി പോരാ. വിദേശ ഏജൻസികളിൽനിന്നു വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി നിർബന്ധവുമാണ്.

33,700 കോടി രൂപയുടെ വിദേശ വായ്പയാണു പദ്ധതിക്കു വേണ്ടി വരിക. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിനു ഇത്രയും വലിയ ബാധ്യത താങ്ങാനാവില്ലെന്നു കണ്ടാണു കേന്ദ്രം കർശന നിലപാട് സ്വീകരിച്ചത്.

മാത്രമല്ല, പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ശാസ്ത്ര സംഘടനകളും രംഗത്തു വന്നിരുന്നു. പദ്ധതി ലാഭകരമാകുമെന്നു ബോധ്യപ്പെടുത്തുന്നതിനു പുറമെ ഇത്തരം എതിർപ്പുകൾ ഇല്ലാതാക്കുകയെന്നതും സംസ്ഥാന സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്. വിദേശ വായ്പയ്ക്കു പകരം ആ തുക കൂടി സംസ്ഥാനത്തിന് ഏറ്റെടുക്കാനാവുമോയെന്നാകും സംസ്ഥാന സർക്കാർ ഇനി പരിശോധിക്കുക. ആകെ 63,941 കോടി രൂപയാണു പദ്ധതിക്കു ചെലവ് കണക്കാക്കുന്നത്. എന്നാൽ 2.10 ലക്ഷം കോടിെയങ്കിലും വേണ്ടിവരുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്ക്.

ഇതിൽ 2150 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി നൽകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിദേശ വായ്പയ്ക്കു കേന്ദ്ര സർക്കാർ ചുവപ്പു സിഗ്‌നൽ കാണിച്ചതോടെ കേന്ദ്ര വിഹിതത്തിന്റെ കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി. ഫലത്തിൽ, സിൽവർ ലൈൻ പദ്ധതിക്കു സംസ്ഥാന സർക്കാർ സാമ്പത്തിക സമാഹരണത്തിന് ഇനി ഒന്നേയെന്നു തുടങ്ങണം.

സിൽവർ ലൈൻ പദ്ധതിക്കെതിരെ വിവിധ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. വൻ മുതൽമുടക്കിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രായോഗികതയാണു മിക്കവരും ചോദ്യം ചെയ്തത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നു സംസ്ഥാന സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. എതിർപ്പുകൾ ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സിൽവർ ലൈൻ പദ്ധതി 'അഭിമാന പദ്ധതി' യായി കണ്ടു വെല്ലുവിളിക്കുകയും ചെയ്തു.