ഇടുക്കി :ഇടുക്കി ഗവ:എൻജിനീയറിങ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ എഫ് ബി ലൈവിലൂടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി പ്രതികരിച്ചിരുന്നു. കൊല്ലപ്പെട്ട പ്രവർത്തകന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ നിന്നുമാണ് എം എം മണി വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ ഫേസ്‌ബുക്കിൽ ഇട്ട വീഡിയോ ഏറെ വൈകും മുമ്പ് സിപിഎം പിൻവലിച്ചു.

എസ് എഫ് ഐ നേതാവ് ക്യാമ്പസിൽ ക്രൂരമായി കൊല്ലപ്പെട്ടതിൽ പ്രതികരിക്കുമ്പോഴും ശബ്ദം ശരിയാക്കിയും,ചിരിച്ചുമാണ് മണി 'നാടൻ ശൈലി' പിന്തുടർന്നതിൽ വിമർശനം ഉയരുകയാണ്.

'ഹെലോ ..ഓക്കേ യാണോ ? എന്റെ പേര് പറയണോ'' എന്നൊക്കെ ചോദിച്ചു കൊണ്ടാണ് മണി ലൈവിൽ പ്രതികരിക്കുന്നത് .കൂടെയുള്ളവർ മണിക്കൊപ്പം ചേർന്ന് ചിരിക്കുന്നതും കാണാം.ഇടുക്കി സിപിഎം ഔദ്യോഗിക പേജ് വഴിയായിരുന്നു പ്രതികരണം.

ഫേസ് ബുക്ക് ലൈവ്,സിപിഎം ജില്ലാ പേജിൽ വന്നതോടെയാണ് പ്രവർത്തകർക്ക് അബദ്ധം മനസ്സിലായത്.പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു.പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഡൗൺ ലോഡ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

ഒരു പ്രവർത്തകൻ മരിച്ചു മോർച്ചറിയിൽ കിടക്കുമ്പോൾ,അതെ ആശുപത്രിയിൽ നിന്നും, സംഘർഷ ഭരിതമായ സാഹചര്യത്തിൽ എങ്ങിനെയാണ് നേതാവിന് ഇത്തരത്തിൽ ചിരിച്ചു നില്ക്കാൻ സാധിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. രക്ത സാക്ഷിയെ കിട്ടിയ സന്തോഷമാണ് എം എം മണിക്കെന്ന് ആക്ഷേപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

എം.എം മണിയുടെ ഒരു വിഭാഗവും രാജന്ദ്രന്റെ ഒരു വിഭാഗവും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രചാരണമുണ്ടെന്നും അതും പരിശോധിക്കുമെന്ന് കെപിസിസി.പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിയുടെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. 'പാലക്കാട് സഞ്ജിത് ബലിദാനിയായതിനെപ്പറ്റി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ
മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുൻപ് ഏതോ മാധ്യമ പ്രവർത്തകൻ പറഞ്ഞ കമന്റിനോട് ചിരിച്ചു കൊണ്ട് പ്രതികരിച്ചു എന്ന് പറഞ്ഞ് മുറവിളി കൂട്ടിയവർ ഇത് ഒന്ന് കാണണം. രക്തസാക്ഷിയെ ഒത്തു കിട്ടിയതിൽ ഉള്ള ഗൂഡ സന്തോഷമാണോ എം.എം മണിയുടെ മുഖത്ത് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ? ചളു പറഞ്ഞ് മാധ്യമ പ്രവർത്തകരെ കൂടി ചിരിപ്പിക്കാനുള്ള മുൻ മന്ത്രിയുടെ ശ്രമത്തെ ഏത് ഗണത്തിൽ പെടുത്തണമെന്ന് വിമർശകർ തീരുമാനിക്കട്ടെ' എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് സന്ദീപ് വചസ്പതി പ്രതികരിച്ചത്.