കട്ടപ്പന: പീഡനക്കേസ് പ്രതിയെ അതിജീവിതയുടെ ഭർത്താവ് വട്ടി പരുക്കേൽപ്പിച്ചു. സാരമായി പരുക്കേറ്റ, കാഞ്ചിയാർ വെള്ളിലാംകണ്ടത്തു താമസിക്കുന്ന തൃപ്പൂണിത്തുറ താന്നിയിൽ ഷെയ്സിനെ(40) കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് പൊലീസ് സ്റ്റേഷനു സമീപത്തു വച്ചായിരുന്നു സംഭവം.

പൊലീസ് സ്റ്റേഷനു സമീപമുള്ള ഗോൾഡ് കവറിങ് ആഭരണ വിൽപന കേന്ദ്രത്തിൽ ഭാര്യയ്‌ക്കൊപ്പം എത്തിയതായിരുന്നു ഷെയ്സ്. പിന്നാലെ കാറിൽ എത്തിയ അതിജീവിതയുടെ ഭർത്താവ് ഇവർ സ്ഥാപനത്തിലേക്ക് കയറി പോകുന്നതു കണ്ടു. തുടർന്ന് തൊട്ടടുത്തുള്ള സ്ഥാപനത്തിൽ നിന്നു കത്തി വാങ്ങിയ പ്രതി ഗോൾഡ് കവറിങ് സ്ഥാപനത്തിനുള്ളിൽ നിൽക്കുകയായിരുന്ന ഷെയ്സിന്റെ പിൻകഴുത്തിൽ രണ്ട് തവണ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ ഷെയ്സും ഭാര്യയും ചേർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ കാറിൽ കയറിയെങ്കിലും ഷെയ്സ് ഹെൽമറ്റ് ഉപയോഗിച്ച് വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു. അതോടെ ടാക്സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഡ്രൈവർമാരും സമീപത്തു നിന്നിരുന്നവരും ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ചേർന്ന് വാഹനം തടഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ആക്രമണം നടത്തിയ വ്യക്തിയുടെ ഭാര്യയെ 2017ൽ ഷെയ്സ് പീഡിപ്പിച്ചെന്നുള്ള കേസ് കോടതിയുടെ പരിഗണനയിലാണെന്ന് പൊലീസ് അറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷെയ്‌സ്.