തിരുവനന്തപുരം: വിദ്യാർത്ഥികളിലും യുവജനങ്ങളിലും സുരക്ഷിത ഡിജിറ്റൽ മാധ്യമ ഉപയോഗത്തേയും വ്യാജ വാർത്തകളെ തിരിച്ചറിയാനുള്ള വഴികളേയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള സത്യമേവ ജയതേ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലും എത്തിക്കുന്നതിന് തിരഞ്ഞെടുത്ത മാസ്റ്റർ ട്രെയ്നർമാരായ അദ്ധ്യാപകർക്ക് ദ്വിദിന പരിശീലനം ആരംഭിച്ചു. ഈ പരിശീലനം ലഭിക്കുന്ന അദ്ധ്യാപകർ വഴി ഈ സാക്ഷരതാ പദ്ധതി സംസ്ഥാനത്തെ എല്ലാ കോളെജുകളിലേയും വിദ്യാർത്ഥികളിലെത്തും. കോവളം കെടിഡിസി സമുദ്രയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശിൽപ്പശാല ഉൽഘാടനം ചെയ്തു. ഡൽഹി ആസ്ഥാനമായ ഡിജിറ്റൽ സാക്ഷരതാ ഏജൻസിയായ ഡേറ്റലീഡ്സ് ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഉൽഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ. ജ്യോതിരാജ് എം അധ്യക്ഷത വഹിച്ചു. ഡേറ്റലീഡ്സ് സിഇഒ സയിദ് നസാകത് ഹുസയ്ൻ പരിശീലന സെഷന് നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ പത്തിന പരിപാടികളുടെ ഭാഗമായ സത്യമേവ ജയതേ ഡിജിറ്റൽ മാധ്യമ സാക്ഷരതാ പരിപാടിക്ക് കോളെജ് തലത്തിൽ നേതൃത്വം നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. ഇന്റർനെറ്റിലേയും സമുഹ മാധ്യമങ്ങളിലേയും വ്യാജ വിവരങ്ങൾ തിരിച്ചറിയുക, ഫാക്ട് ചെക്കിങ്, ഡേറ്റ അനലിറ്റിക്സ് എന്നിവയിലാണ് രണ്ടു ദിവസം നീളുന്ന പരിശീലനം. ഇതു പൂർത്തിയാക്കുന്ന മാസ്റ്റർ ട്രെയ്നർമാർ ആയിരിക്കും സംസ്ഥാനത്തുടനീളമുള്ള കോളെജുകൾ വഴി വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരത്തിന് നേതൃത്വം നൽകുന്ന അദ്ധ്യാപകർക്ക് തുടർ പരിശീലനം നൽകുക. നേരത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലേയും സ്‌കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മാസ്റ്റർ ട്രെയ്നർമാരായി തെരഞ്ഞെടുത്ത സ്‌കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകിയിരുന്നു. ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യത്തെ പദ്ധതിയാണിത്.