ന്യൂഡൽഹി: ഹരിദ്വാറിൽ നടന്ന 'ധർമ സൻസദ്' സമ്മേളനത്തിൽ മുസ്ലിം വംശഹത്യ ആഹ്വാനം ഉൾപ്പെടെ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ വാദം കേൾക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. വിഷയം അടിയന്തരമായി കേൾക്കണമെന്നു മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചിൽ ആവശ്യപ്പെടുകയായിരുന്നു.

വിഷയം പരിശോധിക്കാമെന്നു വ്യക്തമാക്കിയ കോടതി, സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നു ചോദിച്ചു. കേസെടുത്തതല്ലാതെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഭവം ഉത്തരാഖണ്ഡിലാണെന്നും കോടതി ഇടപെട്ടില്ലെങ്കിൽ ഒന്നും നടക്കില്ലെന്നും കപിൽ സിബൽ അറിയിച്ചു. തുടർന്നാണ് കേസിൽ വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കിയത്. പട്‌ന ഹൈക്കോടതി മുൻ ജഡ്ജിയും അഭിഭാഷകയുമായ അഞ്ജന പ്രകാശ്, മാധ്യമപ്രവർത്തകനായ ഖുർബാൻ അലി എന്നിവരാണു ഹർജിക്കാർ.