- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലോകം മുൻപോട്ട് പോകുന്നത് കടലിനടിയിലൂടെ പോകുന്ന കേബിളുകളുടെ സഹായത്താൽ; ലോകത്തിന്റെ 97 ശതമാനം ഇടപാടുകളും ഈ കേബിളുകളെ ആശ്രയിച്ചുള്ള നെറ്റിലൂടെ; റഷ്യയോ ചൈനയോ പകവീട്ടാൻ കേബിൾ മുറിച്ചാൽ ലോകം ശ്വാസം മുട്ടിമരിക്കും; ന്യുക്ലിയർ ബോംബുകളേക്കാൾ വലിയ അപകടത്തിന്റെ കഥ
ഉരുക്കിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് സൂക്ഷിക്കുന്ന കിലോമീറ്ററുകൾ നീളം വരുന്ന കടലിനടിയിലൂടെ വിന്യസിച്ചിരിക്കുന്ന കേബിളുകളാണ് ഇന്ന് ലോകം ചലിക്കുന്നത് എങ്ങനെയെന്ന് തീരുമാനിക്കുന്നത്. സബ്മറൈൻ കമ്മ്യുണിക്കേഷൻ കേബിളുകൾ എന്നറിയപ്പെടുന്ന ഈ കേബിളുകളിലൂടെയാണ് ലോകത്തെ 99 ശതമാനം ആശയവിനിമയവും സാധ്യമാകുന്നത്. ലക്ഷക്കണക്കിന് നീളത്തിൽ വിന്യസിച്ചിട്ടുള്ള ഈ കേബിളുകൾ പലയിടങ്ങളിലും പോകുന്നത് എവറസ്റ്റ് കൊടുമുടിയുടെ ഉയർത്തേക്കാൾ കൂടിയ ആഴത്തിലൂടെയാണ്.
കേബിൾ ലയേഴ്സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബോട്ടുകളുടെ സഹായത്താലാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഇവ വിന്യസിച്ചിരിക്കുന്നത്. സാധാരണ സമുദ്രത്തിന്റെ അടിത്തട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രകമ്പനങ്ങൾ, മുത്തുച്ചിപ്പികൾ, സമുദ്രത്തിൽ തകർന്നടിഞ്ഞ കപ്പലുകൾ, കൂറ്റൻ മത്സ്യങ്ങൾ എന്നിവയൊക്കെ കേബിൾ ഇടുന്നതിന് തടസ്സമാകാറുണ്ട്. ആഴം കുറഞ്ഞ ഭാഗത്തുകൂടി പോകുന്ന കേബിളുകൾക്ക് ഒരു സോഡാ ക്യാനിന്റെ വ്യാസം ഉണ്ടാകുമെങ്കിൽ, ആഴം കൂടിയ ഭാഗത്ത് വിന്യസിക്കുന്ന കേബിളുകൾക്ക് ഒരു സാധാരണ മാർക്കർ പേനയുടെ വ്യാസം മാത്രമായിരിക്കും ഉണ്ടാവുക.
കേബിളുകൾക്ക് ഒരുക്കിയിരിക്കുന്നത് അതീവ സുരക്ഷ
ഒരു തലനാരിഴയോളം വലിപ്പമുള്ള ഒപ്റ്റിക് ഫൈബർ നാരുകൾക്ക് ചുറ്റും കനത്ത ഗാൽവനൈസ്ഡ് ഉരുക്കിന്റെ കവചം ഒരുക്കിയിട്ടുണ്ട്. അതിനു പുറത്തായി അതേ കനത്തിൽ പ്ലാസ്റ്റിക്കിന്റെ കവചവും ഉണ്ട്. ഫൈവ് നയൻസ് എന്നറിയപ്പെടുന്ന നിലവാരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. അതായത് സമയത്തിന്റെ 99.999 ശതമാനവും ഇവ വിശ്വാസയോഗ്യമാണെന്നർത്ഥം.
ആണാവായുധങ്ങൾക്കും സ്പേസ് ഷട്ടിലുകൾക്കും മാത്രമാണ് ഈ കേബിളുകൾക്ക് പുറമെ ഈ നിലവാരം ഉള്ളത്. ഈ കേബിളുകൾ പ്രത്യക്ഷത്തിൽ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കൂറ്റൻ സ്രാവുകളിൽ നിന്നാണ്. കേബിളുകൾ കടിച്ച് ചവയ്ക്കുന്നത് സ്രാവുകളുടെ ഇഷ്ടവിനോദമാണത്രെ. അതുകൊണ്ടുതന്നെ ഗൂഗിൾ പോലുള്ള കമ്പനികൾ അവരുടെ കേബിളുകൾക്ക് ചുറ്റും ഷാർക്ക് പ്രൂഫ് കവചവും ഒരുക്കിയിട്ടുണ്ട്.
ഉപഗ്രഹങ്ങൾ വഴി സിഗ്‌നലുകൾ അയയ്ക്കുന്നതിനേക്കാൾ ചെലവ് കുറവ്
മനുഷ്യനും ആധുനിക ശാസ്ത്രവും വളർന്ന് കൊണ്ടിരിക്കുന്ന ഈ യുഗത്തിൽ ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന നിരവധി കൃത്രിമോപഗ്രഹങ്ങളുണ്ട്. അവയിൽ പലതിനും ആശയവിനിമയ സിഗ്‌നലുകൾ സ്വീകരിക്കാനും പുനപ്രക്ഷേപണം ചെയ്യുവാനുമുള്ള സൗകര്യങ്ങളും ഉണ്ട്. എന്നിട്ടും സമുദ്രാന്തര കേബിളുകളെ മനുഷ്യൻ കൂടുതലായി ഉപയോഗിക്കാൻ കാരണം അവ ചെലവ് കുറഞ്ഞതാണ് എന്നതുകൊണ്ടാണ്.
ഉപഗ്രഹം വഴിയുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഒപ്റ്റിക് ഫൈബർ വഴിയുള്ള ആശയവിനിമയ സാങ്കേതിക വിദ്യയും ഏതാണ്ട് ഒരേകാലത്താണ് വികസിച്ചു വന്നതെങ്കിലും അതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതകളും നഷ്ട സാധ്യതയുമൊക്കെ ഉപഗ്രഹ ആശയവിനിമയ സാങ്കേതിക വിദ്യയ്ക്ക് പ്രചുരപ്രചാരം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. അവിടെയാണ് സമുദ്രാന്തര ഒപ്റ്റിക് ഫൈബർ കേബിളുകൾ ആഗോള ആശയവിനിമയത്തിനുള്ള പ്രധാന സ്രോതസ്സായി മാറിയത്.
2014-ലെ കണക്കനുസരിച്ച് മൊത്തം 285 കേബിളുകളാണ് സമുദ്രാന്തർഭാഗത്ത് വിന്യസിച്ചിരിക്കുന്നത്. അതിൽ 22 എണ്ണം ഇനിയും ഉപയോഗിക്കുവാൻ ആരംഭിച്ചിട്ടില്ല. ശരാശാരി 25 വർഷത്തെ ആയുസ്സാണ് സമുദ്രാന്തര കേബിളുകൾക്ക് ഉള്ളത്. ഇത്രയും കാലം ഇത് പ്രവർത്തനക്ഷമമായാൽ മുതൽമുടക്കിന് ലാഭം കിട്ടുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ആഗോളാടിസ്ഥാനത്തിൽ തന്നെ ആശയവിനിമയത്തിന്റെ അളവ് വർദ്ധിച്ചു. 2013-ൽ പ്രതിശീർഷ ഇന്റർനെറ്റ് ഉപയോഗം 5 ജിഗാബൈറ്റ് ആയിരുന്നെങ്കിൽ 2018-ൽ അത് 14 ജിഗാബൈറ്റ് ആയി വർദ്ധിച്ചു. അമിത ഭാരം താങ്ങുവാൻ ആധുനിക സാങ്കേതിക വിദ്യയും കേബിളുകളിൽ ഉപയോഗിക്കുന്നുണ്ട്.
സമുദ്രാന്തര കേബിളുകൾ തകർത്താൽ ലോകത്തിന്റെ ചലനം നിലയ്ക്കും
മുൻപ് സൂചിപ്പിച്ചതുപോലെ ലോകത്തിലെ ആശയവിനിമയത്തിന്റെ 97 ശതമാനവും നടക്കുന്നത് ഈ സമുദ്രാന്തര കേബിളുകളിലൂടെയാണ്. അവ തകരാറിലായാൽ വെബ്സൈറ്റുകൾ തുറക്കാനും സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗിക്കാൻ കഴിയില്ല എന്നുമാത്രമല്ല, കാർഷിക രംഗവും ആരോഗ്യ രംഗവും ഉൾപ്പടെ നിരവധി മേഖലകളിലെ പ്രവർത്തനങ്ങൾ കുഴഞ്ഞുമറിയും. മിലിറ്ററി ലോജിസ്റ്റിക്സും, ആഗോളാടിസ്ഥാനത്തിലുള്ള പണമിടപാടുകളും എല്ലാം നിലയ്ക്കും. ചുരുക്കത്തിൽ ഈ കേബിളുകൾ തകരാറിലായാൽ ലോകം മറ്റൊരു മഹാമാന്ദ്യത്തിലേക്ക് വഴുതിവീഴും.
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് ആണവായുധങ്ങൾക്ക് സമാനമായ വെല്ലുവിളിയായിരിക്കും കേബിളുകൾ തകരാറിലായാലും ഉണ്ടാവുക. ഈ ഒരു സാധ്യത ഉപയോഗിക്കുവാൻ ഒരുപക്ഷെ റഷ്യയും ചൈനയും മടിക്കില്ലെന്നാണ് ബ്രിട്ടന്റെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ഈയിടെ നിയമിക്കപ്പെട്ട അഡ്‌മിറൽ സർ ടോണി റഡാകിൻ പറയുന്നത്. ഈ രണ്ടു രാജ്യങ്ങളൂം കഴിഞ്ഞ കുറച്ചു വർഷങ്ങളായി സമുദ്രാന്തര യുദ്ധതന്ത്രങ്ങളിൽ ശ്രദ്ധ ഊന്നുകയാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടു തന്നെ അവരുടെ ഉന്നം ഈ കേബിളുകൾ ആയിക്കൂടെന്നില്ല എന്നും അദ്ദേഹം പറയുന്നു.
കേബിളുകൾ തകർക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാൽ അത് ഗുരുതരമായി എടുക്കണമെന്നും ഒരു യുദ്ധപ്രഖ്യാപനമായികരുതണമെന്നുമാണ് ബ്രിട്ടനിലെ ഏറ്റവും മുതിർന്ന സൈനികോദ്യോഗസ്ഥൻ പറയുന്നത്.
സമുദ്രാന്തര കേബിളുകൾ തകർക്കുക അത്ര എളുപ്പമോ ?
സമുദ്രാന്തര കേബിളുകൾ തകർക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ഈ കേബിളുകൾ കൂടുതലും വിന്യസിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ ഉണ്ടാകാനിടയുള്ള എതൊരു പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കാൻ പാകത്തിനാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ബഹ്യഭാഗത്ത് ഹൈഡ്രോളിക് കട്ടറുകൾ പിടിപ്പിച്ച മുങ്ങിക്കപ്പലുകൾ ഉപയോഗിച്ച് ഇവ മുറിക്കാനാകും. അല്ലെങ്കിൽ, വിദൂരതയിൽ നിന്നു നിയന്ത്രിക്കാവുന്ന തരത്തിലുള്ള ഏതെങ്കിലും വാഹനങ്ങളിൽ ഹൈഡ്രോളിക് കട്ടർ ഘടിപ്പിച്ചോ, ഹൈഡ്രോളിക് കട്ടറുകളുമായി മുങ്ങൽ വിദഗ്ദരെ ഇറക്കിയോ ഇത് മുറിക്കാനാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
റഷ്യ, ഗവേഷണ നൗക എന്ന് വിശേഷിപ്പിക്കുന്ന യാന്തർ എന്ന കപ്പൽ ഇത്തരത്തിലുള്ള ഭീഷണി ഉയർത്തുന്ന ഒരു കപ്പലാണെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ രണ്ട് മുങ്ങിക്കപ്പലുകൾ ഉണ്ട് സമുദ്രാന്തര പര്യവേക്ഷണങ്ങൾക്ക് കഴിവുള്ളവയാണ് ഈ മുങ്ങിക്കപ്പലുകൾ. 3.75 മൈൽ ആഴത്തിൽ വരെ ഇവയ്ക്ക് പോകാനാവും. 2015- ൽ നീറ്റിലിറക്കിയ ഉടൻ തന്നെ അമേരിക്കൻ തീരങ്ങൾക്ക് സമീപം പ്രത്യക്ഷപ്പെട്ട് ഇത് ഇന്റലിജൻസ് വൃത്തങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
മാത്രമല്ല, കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ മനഃപൂർവ്വം നങ്കൂരം ഇട്ട് വലിച്ചും ഈ കേബിളുകൾക്ക് കേടുപാടുകൾ സൃഷ്ടിക്കാനാവും. കേവലം ഒരു അപകടമാക്കി ഇത് മാറ്റിയാൽ മറ്റൊന്നും ചെയ്യാനും കഴിയില്ല. കഴിഞ്ഞ ആഗസ്റ്റിൽ യാന്തർ അയർലൻഡിന്റെ തീരങ്ങൾക്ക് അടുത്തായി പ്രത്യക്ഷപ്പെട്ടിരുന്നു. കരയുടെ പത്ത് ഇരട്ടി സമുദ്രഭാഗമുള്ള അയർലൻഡിന് പക്ഷെ അയർലൻഡിനേയും അമേരിക്കയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളിന് സംരക്ഷണം നൽകുവാൻ കേവലം ഒരു നാവിക കപ്പൽ മാത്രമാണുള്ളത്. അയർലൻഡിനെ നാലു കേബിളുകൾ അമേരിക്കയുമായി ബന്ധിപ്പിക്കുമ്പോൾ എട്ട് കേബിളൂകൾ ബ്രിട്ടനുമായി ബന്ധിപ്പിക്കുന്നു.
കടലിനു നടുവിലേക്ക് കൂടുതൽ പോകുന്തോറും ഈ കേബിളുകളുടെ സുരക്ഷയിൽ ഭീഷണി ഏറുകയാണ്. ഏറ്റവും അടുത്ത തുറമുഖം പോലും ആയിരക്കണക്കിന് മൈലുകൾ ദൂരെയാകുമ്പോൾ ശരിയായ രീതിയിൽ കേബിളുകളെ നിരീക്ഷിക്കുക എന്നത് പ്രയാസകരമായി മാറും. ഇത് ശത്രുക്കൾക്ക് അവയെ നശിപ്പിക്കാൻ എളുപ്പമാക്കും. യന്താറിലെ മുങ്ങിക്കപ്പലുകൾക്ക് ഈ കേബിളുകൾ നശിപ്പിക്കാൻ ഉതകുന്ന ഉപകരണ സംവിധാനങ്ങൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സമുദ്രാന്തര കേബിളുകൾ തകർന്നാൽ, ആണവ യുദ്ധത്തേക്കാൾ കൊടിയ കെടുതി അനുഭവിക്കും
ആണവ-ജൈവ ആയുധങ്ങളാണ് ഇന്ന് മനുഷ്യരാശിയുടെ നിലനിൽപിന്ന് നേരിട്ട് ഭീഷണി ഉയർത്തുന്ന രണ്ട് കാര്യങ്ങൾ. എന്നാൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളോട് സമാനമായതോ അതിൽ കൂടുതലോ ആയിരിക്കും സമുദ്രാന്തര കേബിളുകൾ തകർന്നാൽ സംഭവിക്കുക. ആഗോളാടിസ്ഥാനത്തിൽ ഓരോ ദിവസവും 10 ട്രില്യൺ ഡോളർ മൂല്യമുള്ള ഇടപാടുകളാണ് ഈ കേബിളിലൂടെ നടക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ തന്നെ വിപണികൾ സ്തംഭിക്കുന്ന ഒരു അവസരം വന്നുചേർന്നാൽ അതിന്റെ പ്രത്യാഘാതം നമുക്ക് ആലോചിക്കുവാൻ പോലും സാധ്യമാകാത്തത്ര വലുതായിരിക്കും.
ഇത് കാർഷിക, ആരോഗ്യ, പ്രതിരോധ മേഖലകളേയും പ്രതികൂലമായി ബാധിക്കും. ചുരുക്കത്തിൽ മനുഷ്യരാശി ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരിക്കും അത്. ഉക്രെയിനിനേയും കസഖ്സ്ഥാനേയും ചൊല്ലി റഷ്യയും പാശ്ചാത്യ ശക്തികളും ചേരിതിരിഞ്ഞ് പോർവിളി മുഴക്കുമ്പോൾ ഇങ്ങനെയൊരു ദുരന്തം കൂടി ലോകത്തിനെ കാത്തിരിക്കുന്നുണ്ട് എന്നോർക്കുക.
മറുനാടന് മലയാളി ബ്യൂറോ