കൊല്ലം: വിസ്മയ കേസ് വിചാരണയിൽ പ്രതി കിരൺകുമാറിന്റെ ക്രൂരതകൾ കോടതിയിൽ അക്കമിട്ടു നിരത്തി വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻനായർ. വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് മുമ്പാകെ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ത്രിവിക്രമൻനായരെ ഒന്നാം സാക്ഷിയായാണ് വിസ്തരിച്ചത്.

2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് നിലമേൽ സ്വദേശിയായ വിസ്മയ ഭർത്താവ് കിരണിന്റെ വീട്ടിൽ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

തന്നോട് സ്ത്രീധനം ചോദിച്ചത് കിരണിന്റെ പിതാവാണെന്ന് ത്രിവിക്രമൻ നായർ മൊഴി നൽകി. വിവാഹം ഉറപ്പിക്കുന്ന സമയത്തു സ്ത്രീധനം ആവശ്യപ്പെട്ടെന്നും പിന്നീട് സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ മർദിക്കുമായിരുന്നെന്നും ത്രിവിക്രമൻനായർ മൊഴി നൽകി. മകൾക്ക് എന്തുകൊടുക്കുമെന്ന് കിരണിന്റെ പിതാവ് വിവാഹം ഉറപ്പിക്കുന്ന സമയത്ത് തന്നോടു ചോദിച്ചു. 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നു പറഞ്ഞു.

കോവിഡ് കാരണം 80 പവൻ നാൽകാനേ കഴിഞ്ഞുള്ളു. വിവാഹത്തിന്റെ തലേന്നു വീട്ടിലെത്തിയ കിരൺ വേറെ കാർ വേണമെന്നു വിസ്മയയോടു പറഞ്ഞു. അതോടെ വിവാഹ ദിവസം തന്നെ വേറെ കാർ വാങ്ങി നൽകാമെന്ന ഉറപ്പുനൽകി.

ആഭരണം ലോക്കറിൽ വയ്ക്കാനായി തൂക്കിയപ്പോൾ അളവിൽ കുറവു കണ്ട് വിസ്മയയെ ഉപദ്രവിച്ചു. കിരൺ തന്നെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ കൊണ്ടുപോകണമെന്നു കരഞ്ഞു കൊണ്ടു വിസ്മയ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. കിരണിന്റെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത സംഭാഷണം കോടതിയിൽ കേൾപ്പിച്ചു.

സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിട്ടുവന്ന കിരൺ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് മകളെ ബലമായി കാറിൽ കയറ്റി നിലമേലിലെ വീട്ടിൽ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയിൽ മകൻ വിജിത്തിനും പരിക്കേറ്റു. ഓണക്കാലത്ത് യാത്രയ്ക്കിടെ കിരൺ മർദിച്ചപ്പോൾ ചിറ്റുമലയിൽ ഒരു വീട്ടിൽ വിസ്മയ അഭയം തേടി.

കിരണിനെതിരെ ചടയമംഗലം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് കിരണിന്റെ അച്ഛനും സഹോദരീ ഭർത്താവും രണ്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞതിനാൽ കേസിൽനിന്നു പിന്മാറി.

താനും ഭാര്യയും കിരണിന്റെ വീട്ടിൽ എത്തിയപ്പോൾ 'കൊടുക്കാമെന്നു പറഞ്ഞതു മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്‌നമേയുള്ളൂ' എന്നായിരുന്നു മറുപടി. തന്റെ വീട്ടിൽ വച്ച് മകൻ വിജിത്തിനെയും കിരൺ ആക്രമിച്ചു. 'പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ' എന്നു പറഞ്ഞ്, വിസ്മയ അണിയിച്ച മാല ഊരി തന്റെ മുഖത്ത് എറിഞ്ഞശേഷം ഇറങ്ങിപ്പോയി.

ജനുവരി 11നു മകൻ വിജിത്തിന്റെ വിവാഹം ക്ഷണിക്കാൻ കിരണിന്റെ പോരുവഴിയിലെ വീട്ടിൽ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസ്സിലായി. ഇതേത്തുടർന്ന് മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ പങ്കെടുത്തില്ല. വിവാഹശേഷം മരുമകളോട് എല്ലാ വിവരങ്ങളും വിസ്മയ പറഞ്ഞു.

വിവാഹബന്ധം ഒഴിയുന്നതിനായി സമുദായ സംഘടനാഭാരവാഹികളുമായി സംസാരിച്ചു. വിഷയത്തിൽ മാർച്ച് 25നു ചർച്ച നടത്താനിരിക്കെ 17ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി. കേസ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതിനുശേഷം തന്റെയും മകന്റെയും ഫോൺ നമ്പരും ഫേസ്‌ബുക്കും കിരൺ ബ്ലോക്ക് ചെയ്തു.

ജൂൺ 21ന് മകൾ ആശുപത്രിയിൽ ആണെന്നു കിരണിന്റെ പിതാവ് വിളിച്ചു പറഞ്ഞു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മകളുടെ മരണവിവരം അറിയുന്നതെന്നും ത്രിവിക്രമൻനായർ മൊഴി നൽകി. ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജി.മോഹൻരാജ്, നീരാവിൽ അനിൽ കുമാർ, ബി.അശ്വിൻ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി സി.പ്രതാപൻ പിള്ളയും ഹാജരായി. വിസ്താരം ചൊവ്വാഴ്ചയും തുടരുകയാണ്.