കൊച്ചി: സഭയ്ക്കും സമുദായത്തിനുമായി നിസ്വാർത്ഥവും നിസ്തുലവുമായ സേവനം ചെയ്ത അഡ്വ. ജോസ് വിതയത്തിലിന്റെ സ്മരണയെ നിലനിർത്തുവാൻ അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷന് രൂപം നൽകുമെന്ന് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ.

സീറോ മലബാർ സഭയുടെയും കെസിബിസിയുടെയും അൽമായ കമ്മീഷൻ സെക്രട്ടറി, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ദേശീയ കോഓർഡിനേറ്റർ, സിബിസിഐ ലെയ്റ്റി കൗൺസിൽ നാഷണൽ കൺസൾട്ടേഷൻ മെമ്പർ, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എന്നിങ്ങനെ വിവിധ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് സഭയുടെയും സമുദായത്തിന്റെയും നിരവധി വിഷയങ്ങളിൽ ഉറച്ച നിലപാടുകളെടുത്ത അതുല്യ വ്യക്തിത്വമാണ് ജോസ് വിതയത്തിൽ. സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ മെമ്പർ, കാർഷിക കടാശ്വാസ കമ്മീഷൻ മെമ്പർ എന്ന നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

അഡ്വ. ജോസ് വിതയത്തിലിന്റെ സഭാ കാഴ്ചപ്പാടുകളും പ്രവർത്തന മേഖലകളും വരും തലമുറകൾക്കു പങ്കുവയ്ക്കാനും സാമൂഹ്യ സാമുദായിക തലങ്ങളിൽ അദ്ദേഹത്തിന്റെ സ്മരണകളോടൊപ്പം സമാന ചിന്താഗതികളുള്ളവർക്ക് ഒത്തുചേരാനും ലക്ഷ്യംവച്ചാണ് സഭാപിതാക്കന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അഡ്വ. ജോസ് വിതയത്തിൽ ഫൗണ്ടേഷൻ രൂപീകരിക്കുന്നതെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻപറഞ്ഞു.