- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ മേഖലയിലെ ചൂഷണം; കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ സർക്കാർ നടപടികളിലേക്ക്; ഹേമ കമ്മിഷൻ ശുപാർശകൾ പരിശോധിക്കാൻ മൂന്നംഗ സമിതി;നിയമ നിർമ്മാണ സാധ്യതയടക്കം വിലയിരുത്തും
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ കടുത്ത പ്രതിഷേധവും വിമർശനവും ഉയരുന്നതിനിടെ റിപ്പോർട്ട് പ്രാവർത്തികമാക്കാനുള്ള നടപടികളിലേക്ക് സർക്കാർ.
ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ ശുപാർശകൾ എങ്ങനെ നടപ്പിലാക്കണമെന്നു പരിശോധിക്കുന്നതിന് സമിതി രൂപീകരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പിലെ അണ്ടർ സെക്രട്ടറി, നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി എന്നിവരാണ് സമിതി അംഗങ്ങൾ.
റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഓരോ അംഗങ്ങളും പ്രത്യേകമായി സർക്കാരിനു നൽകും. സിനിമാ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച കമ്മിഷന്റെ ശുപാർശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പും പരിശോധിക്കും. നിയമപരമായ പ്രശ്‌നങ്ങൾ നിയമവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും.
നിയമനിർമ്മാണ സാധ്യതകളാണ് നിയമവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്. ട്രിബ്യൂണൽ രൂപീകരിക്കുമ്പോൾ ഇപ്പോഴുള്ള കമ്മിഷനുകളുമായോ നിയമവേദികളുമായോ സാമ്യമുണ്ടാകാതിരിക്കാനാണ് നിയമവകുപ്പിന്റെ പരിശോധന. 3 അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞശേഷം സർക്കാർ തീരുമാനമെടുക്കും. റിപ്പോർട്ട് സമർപിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സാംസ്‌കാരിക വകുപ്പ് അധികൃതർ പറഞ്ഞു.
ഹേമ കമ്മിഷൻ റിപ്പോർട്ട് സമർപിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31ന് ആണ് ഹേമ കമ്മിഷൻ 300 പേജുള്ള റിപ്പോർട്ട് സർക്കാരിനു സമർപിച്ചത്. റിപ്പോർട്ടിന്റെ പൂർണരൂപം ഇതുവരെ സർക്കാർ പുറത്തു വിട്ടിട്ടില്ല. നടി പാർവതി അടക്കം വിഷയത്തിൽ കടുത്ത വിമർശനം ഉയർത്തി രംഗത്ത് വന്നിരുന്നു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വിമൺ ഇൻ സിനിമ കളക്ടീവ്' നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ്, സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ.
മലയാള സിനിമ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. എന്നാൽ ഏതാണ്ട് രണ്ടു വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷൻ അവരുടെ റിപ്പോർട്ട് സമർപ്പിച്ചത്.
ഹേമ കമ്മിഷനായി സർക്കാർ പുറപ്പെടുവിച്ച ഏഴു നിബന്ധനകൾ പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകൾ, അനുയോജ്യമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണു കമ്മിഷൻ അന്വേഷിക്കേണ്ടിയിരുന്നത്.
തെളിവെടുപ്പിനിടെ, സംസാരിക്കാൻ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമ വ്യവസായത്തിലെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ അക്കമിട്ട് പറഞ്ഞിട്ടുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രീകരണ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകൾ കമ്മിഷന്റേതായുണ്ട്.
ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകൾ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും കമ്മിഷൻ റിപ്പോർട്ടിൽ തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമാവ്യവസായത്തിൽ 'കാസ്റ്റിങ് കൗച്ച്' ഉണ്ട്. ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എത്തിപ്പെടുന്നതിന് പലപ്പോഴും ലൈംഗിക ആവശ്യങ്ങൾക്കു വിധേയമാകേണ്ട ദുരനുഭവങ്ങളുണ്ടായിട്ടുള്ളവരുമുണ്ട്. ഇത്തരം അനുഭവമുള്ളവർ പലപ്പോഴും പൊലീസിൽ പരാതിപ്പെടാറില്ല.
ചലച്ചിത്ര രംഗത്തെ സ്ത്രീകൾക്കു നേരെ സൈബർ ഇടങ്ങളിലും സൈബർ മാർഗങ്ങൾ ഉപയോഗിച്ചും ഉണ്ടാകുന്ന അക്രമങ്ങൾ കമ്മിഷൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടർന്ന് ഉണ്ടാകുന്ന അതിക്രമങ്ങളെയും അശ്ലീല പദപ്രയോഗങ്ങളെയും കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം പ്രശ്‌നങ്ങൾ പരിശോധിച്ച കമ്മിഷൻ ശക്തമായ പരിഹാരമാർഗ്ഗങ്ങൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കും കുറ്റം ചെയ്യുന്നവർക്കും പിഴ ചുമത്തുന്നതിനും വ്യവസായത്തിൽ നിന്നും വിലക്കുകൾ ഉൾപ്പെടെ ഏർപ്പെടുത്തുന്നതിനും നിബന്ധനകൾ വെച്ചിരുന്നു. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് പ്രാവർത്തികമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ