തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ ഗണ്യമായി കൂടുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സാഹചര്യം പരിഗണിച്ച് കൃത്യമായ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അനാവശ്യയാത്രകൾ ഒഴിവാക്കുക, ആൾക്കൂട്ടം ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയത് ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും വീണാ ജോർജ്ജ് അറിയിച്ചു.

20 മുതൽ 40 വയസ്സുവരെയുള്ളവരിലാണ് കോവിഡ് കേസുകൾ ധാരാളമായി കാണുന്നത്. ക്രിസ്തുമസ്, ന്യൂയർ ആഘോഷം കഴിഞ്ഞതിനാൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ്-19 കേസുകൾ കൂടി വരികയാണ്. കോവിഡ് രോഗികളിൽ കൂടുതലും ഡെൽറ്റാ വകഭേദമാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗികൾ ഉള്ളതെന്നും അതേസമയം ഇതുവരേയും ഓമിക്രോൺ ക്ലസ്റ്ററുകൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുൻഗണനാ ക്രമം അനുസരിച്ച് ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസ് വാക്സിൻ നൽകുന്നത് പുരോഗമിച്ചുവരികയാണെന്നും വീണാ ജോർജ്ജ് അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കിടയിലും കോവിഡ്-19 ബാധ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു.