കണ്ണൂർ: തനിക്കു നേരെ നടന്ന അക്രമത്തിൽ പരാതി പറയാൻ ചെന്നപ്പോൾ പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായും അപമര്യാദയോടെ പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ കേസ് കെട്ടിച്ചമച്ചുവെന്നും യുവതിയുടെ പരാതി.
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കയും തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാതെ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണ് ചെയ്യുന്നതെന്ന് യുവതിയും കുടുംബവും കണ്ണുർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കൊട്ടിയൂർ വെങ്ങലോടി പഞ്ചാരമുക്കിലെ അശ്വതി സജിയാണ് അയൽവാസികൾക്കെതിരെ കേളകം പൊലീസിൽ പരാതി നൽകിയത് . ഇതിന്റെ വൈരാഗ്യത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് പ്രതികൾ വീട്ടിൽ കയറി അക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കേളകം പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടിയൊന്നു സ്വീകരിച്ചില്ല. തന്നോട് അപമര്യാദയായാണ് പൊലിസ് പെരുമാറിയത്. തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയും പലർക്കും വഴങ്ങുന്നവളായി ആക്ഷേപിക്കുകയും ചെയ്തു. തനിക്കെതിരെ അയൽവാസികൾ മർദ്ദനമഴിച്ചുവിട്ടതിന്റെ മൊബെൽ ഫോൺ ദൃശ്യങ്ങളുണ്ടായിട്ടും പൊലിസ നടപടിയെടുത്തില്ല.

കേസ് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് തനിക്കെതിരെ കള്ളകേസെടുത്ത് മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇതു കാരണം ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും അശ്വതി പറഞ്ഞു. ഭർത്താവ് സജിയും മകനുമൊപ്പമാണ് വാർത്താ സമ്മേളനത്തിനെത്തിയത്.അയൽവാസിക്ക് കൊറോണ വന്ന വിവരം ആശാ വർക്കറെ അറിയിച്ചതിനെ തുടർന്ന് രണ്ടാഴ്‌ച്ച ഇവരെ ക്വാറന്റിനിൽ കിടത്തിയെന്നാരോപിച്ചായിരുന്നു പ്രതികൾ അക്രമിച്ചതെന്നും അശ്വതി ആരോപിച്ചു.

തന്റെ വീടിനടുത്തുള്ള കുറെ കുട്ടികൾ കോവിഡ് പോസറ്റീവായ രോഗിയുടെ വീട്ടിൽ ട്യൂഷനു പോകുന്നതുകൊണ്ടാണ് താൻ വിവരം ആശാ വർക്കറെ അറിയിച്ചത്. തനിക്കെതിരെ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നിരവധി വ്യാജ പരാതികളാണ് അയൽവാസികൾ നൽകിയത്. താൻ കോൺഗ്രസ് അനുഭാവിയായതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പീഡനം അനുഭവിക്കേണ്ടി വന്നത്. തനിക്കെതിരെ കേസ് അന്വേഷിച്ച പേരാവൂർ പൊലിസ് വീട്ടിൽ വന്നു തന്നെയും മകനെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥിയായ മകനെ കള്ളക്കേസിൽ കുടുക്കി ജുവനൈൽ ഹോമിൽ ഇടുമെന്ന് പറഞ്ഞതായി അശ്വതി ആരോപിച്ചു.

തനിക്കെതിരെ നിരന്തരം കള്ള കേസ് ചുമത്തി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ലോകത്ത് ഒരു സ്ത്രീക്കും ഇത്തരം അനുഭവമുണ്ടാവില്ല. കോടതിയിൽ പോയാണ് പല കേസുകളിലും താൻ ജാമ്യം നേടിയത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ എസ്‌ഐ മോശമായി സംസാരിച്ചുവെന്നും അശ്വതി ആരോപിച്ചു.