മൂന്നാർ: ഒറ്റയാന്റെ ആക്രമണത്തിൽ ഭയന്ന് വിറച്ച് ഒരു കുടുംബം. ആദ്യം വാതിലിൽ മുട്ടി, പിന്നെ വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് തകർത്ത കാട്ടാന ഈ കുടുംബത്തെ ഒരു മണിക്കൂറാണ് ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. മാട്ടുപ്പെട്ടി കുറ്റിയാർ വാലിയിൽ തിങ്കൾ രാത്രിയാണു സംഭവം. സുബ്ബരാജ് (78), ഭാര്യ പേച്ചിയമ്മ (68) എന്നിവരുടെ വീട്ടുമുറ്റത്താണു ഒറ്റയാൻ എത്തിയത്.

രാത്രി എട്ടരയോടെയാണ് ഒറ്റയാൻ എത്തിയത്. വൈദ്യുതി ഇല്ലാതിരുന്നതിനാൽ മെഴുകുതിരി വെളിച്ചത്തിൽ ഭക്ഷണം കഴിക്കുകയായിരുന്നു ഇരുവരും. ഈ സമയം വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് സുബ്ബരാജ് എഴുന്നേറ്റു ചെന്നതും മുറ്റത്തു കാട്ടാനയെ കണ്ടതും. ഇതോടെ പേടിച്ചരണ്ട ഇരുവരും വെളിച്ചം കെടുത്തി. ആദ്യം വാതിലിൽ മുട്ടിയ ആന വശത്തെ ജനലിലും തുമ്പിക്കൈകൊണ്ട് തട്ടി.

തുടർന്ന് വീടിന്റെ മേൽക്കൂര ഷീറ്റുകൾ കേടുവരുത്തി. സമീപത്തു മറ്റു താമസക്കാർ ഇല്ലാതിരുന്നതിനാൽ ഇരുവരും ഭയന്നു വിറച്ച് ഒരു മണിക്കൂർ വീട്ടിനുള്ളിൽ ഒളിച്ചിരുന്നു. അടുക്കളത്തോട്ടം നശിപ്പിച്ച് ഒൻപതരയോടെ ആന സ്ഥലം വിട്ടത്തോടെയാണ് ഇവർക്കു ശ്വാസം നേരെവീണത്.