- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ ഇളയ മകൻ കുറ്റസമ്മതം നടത്തി; കൊലപാതക ശേഷം മുങ്ങിയ സനലിനെ അറസ്റ്റ് ചെയ്തത് കർമ്മം ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി
പാലക്കാട്: പുതുപ്പരിയാരത്തു ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. പ്രതീക്ഷ നഗർ 'മയൂഖ'ത്തിൽ ചന്ദ്രൻ ദേവി ദമ്പതികളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. അച്ഛനമ്മമാരെ കൊലപ്പെടുത്തിയ ശേഷം രണ്ടാമത്തെ മകൻ സനൽ (29) നാടു വിടുകയായിരുന്നു. ് കർമ്മം ചെയ്യാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം
ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുക ആയിരുന്നു.
അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. അതേസമയം കൊലപാതക കാരണം വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണു ചന്ദ്രനെയും ദേവിയെയും വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതാവുകയും ചെയ്തു. ഇതോടെയാണ് സംശയം സനലിലേക്ക് നീണ്ടത്.
കൊലപാതക ശേഷം, താൻ ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോവുകയാണെന്നു സഹോദരൻ സുനിലിനോടു സനൽ ഫോൺ ചെയ്തു പറഞ്ഞിരുന്നു. പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കൾ രാത്രി സനലിന്റെ നമ്പർ ഓൺ ആയി. ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും മരണവാർത്ത സനലിനെ അറിയിക്കുന്നത്.
കർമം ചെയ്യാൻ ഉടൻ നാട്ടിലെത്തണമെന്നു സുനിൽ ആവശ്യപ്പെട്ട പ്രകാരം ഇന്നലെ രാവിലെ നാട്ടിലെത്തിയ സനലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീടു വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചന്ദ്രന്റെയും ദേവിയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. സനലിനെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നും ഇതിന്റെ പേരിൽ അമ്മയുമായി വഴക്കുണ്ടായിരുന്നെന്നും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ