കോഴിക്കോട്: സാധാരണക്കാരെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപയുമായി മുങ്ങിയ കോടിഷ് നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനം ഉടമ അറസ്റ്റിൽ. നിലമ്പൂർ മുതുകാട് രാമൻകുന്നു ചോലക്കപറമ്പിൽ അബ്ദുല്ലക്കുട്ടിയാണ് (45) അറസ്റ്റിലായത്. ജനങ്ങളുടെ പണവുമായി മുങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഇക്കണോമിക് ഒഫൻസ് സ്‌ക്വാഡും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ഒന്നര വർഷത്തോളമായി ഇയാൾ ഒളിവിലായിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് ഇയാൾക്കായി അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിന്നായി ആറ് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു പ്രാഥമിക കണക്ക്. സാധാരണക്കാരായ നിക്ഷേപകരുടെയും ജീവനക്കാരുടെയും പണമാണു തട്ടിയെടുത്തത്.

2003 ൽ രജിസ്റ്റർ ചെയ്ത കമ്പനി 2017 മുതൽ ചെറുവണ്ണൂർ പ്രധാന ഓഫിസായി പ്രവർത്തനമാരംഭിച്ചു. 2020 ഓടെ ശാഖകൾ ഒന്നൊന്നായി പൂട്ടി. കാലാവധി കഴിഞ്ഞിട്ടും പണവും പലിശയും കിട്ടാതെ വന്നപ്പോഴാണ് നിക്ഷേപകർ പരാതിയുമായി എത്തിയത്. അപ്പോഴേക്കും അബ്ദുല്ലക്കുട്ടി ഒളിവിൽ പോയിരുന്നു.

കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ മാത്രം 100 കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ വടകര, വയനാട് മീനങ്ങാടി, കൽപറ്റ, ബത്തേരി സ്റ്റേഷനുകളിലും തൃശൂർ ജില്ലയിലും കേസുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തിയത്.