തിരുവനന്തപുരം: സംവരണ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നൽകിയ അദ്ധ്യാപികക്കെതിരെയുള്ള നീക്കം ഉപേക്ഷിക്കണം എന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ആവശ്യപ്പെട്ടു. അവർ വ്യക്തിപരമായ നഷ്ടത്തിന്റെ പേരിലാണ് ഈ കേസിൽ കക്ഷിയായത്. നേരത്തെ ഈ നോട്ടിഫിക്കേഷൻ വന്നയുടൻ തന്നെ പ്രസ്തുത അദ്ധ്യാപിക യൂണിവേഴ്സിറ്റി അധികാരികളുടെ മുന്നിലും ശേഷം ഹൈക്കോടതിയിലും പരാതിയായി ഈ വിഷയം അവതരിപ്പുക്കയും ഇത്രയും വിവാദമായ ഒരു തീരുമാനത്തിൽ കോടതികളുടെ അന്തിമ വിധി വന്ന ശേഷമേ നിയമന പ്രക്രിയയുമായി മുന്നോട്ട് പോകാവൂ എന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ധ്യാപക സംവരണ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ വിധിക്ക് കാത്ത് നിലക്കാതെ സർവ്വകലാശാല നിയമന പ്രക്രിയയുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്. അത്യധികം സങ്കീർണ്ണമായ ഈ വിഷയത്തിൽ കോടതി വിധി മാനിക്കുക എന്നത് മാത്രമാണ് അന്തിമമായ പരിഹാരം.

പ്രസ്തുത അദ്ധ്യാപിക അവരുടെ ഭരണഘടനാപരമായ അവകാശമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ജനാധിപത്യ സംവിധാനത്തിൽ കോടതികളെ സമീപിക്കുന്നത് ഒരു പാതകമല്ല. അത് വളരെ ആരോഗ്യകരമായ ഒന്നാണ്, അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ. ഈ കേസിലും ഇപ്പോൾ ഉയർന്ന് വന്നിട്ടുള്ള ഡി.ലിറ്റ് വിവാദത്തിലും അധികാര സ്ഥാനത്തുള്ളവർക്ക് ഉണ്ടായിട്ടുള്ള അസ്വസ്ഥത ഈ അദ്ധ്യാപികയെ വേട്ടയാടുന്ന ചില നടപടികൾക്ക് തുടക്കം കുറിച്ചതായി മനസ്സിലാക്കുന്നു. അതിൽ നിന്ന് അധികാരികൾ പിന്തിരിയണമെന്ന് ഫോറം ആവശ്യപ്പെട്ടു.