കണ്ണുർ: ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ധീരജിന്റെ വീട്ടിൽ എത്തി അനുശോചനം അറിയിച്ച ശേഷം തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം നടന്ന സ്ഥലത്ത് യാതൊരു സംഘർഷവും നടന്നിട്ടില്ല. പുറത്ത് നിന്ന് വന്ന ആളുകളാണ് ധീരജിനെ കൊല നടത്തിയത്. യൂത്ത് കോൺഗ്രസിന്റെ ഒരു സംഘം ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന നിലയിൽ കേസിന് വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുറത്ത് നിന്നുള്ളവർ വന്നാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം സർക്കാറിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി എറണാകുളത്തേക്ക് ബസിൽ സഞ്ചരിക്കുമ്പോഴാണ് അസ്റ്റിലായത്. എറണാകുളത്ത് ഒളിസങ്കേതം ഒരുക്കാൻ ശ്രമിച്ചത് ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം പ്രകോപനപരമാണെന്നും ധീരജിനെ ഇനിയും അപമാനിക്കരുതെന്നും കോടിയേരി പറഞ്ഞു.

ഇത്തരം പരാമർശം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാണ്. സിപിഐ എമ്മുകാർ അതിൽ കുടുങ്ങരുത്. സംയമനം പാലിച്ച് കോൺഗ്രസിനെ ഒറ്റപ്പെടുത്തണം. ഒരാൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമാണെന്നും കോൺഗ്രസ് സെമി കേഡർ ആകുന്നതുകൊലപാതകം നടത്തിയാണോയെന്നും കോടിയേരി ചോദിച്ചു.