ചക്കരക്കൽ: ചക്കരക്കൽ കണയന്നൂരിൽ കോൺഗ്രസ് നേതാവിന്റെ വീട് ബോംബെറിഞ്ഞു തകർത്ത സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. ഉഗ്രശേഷിയുള്ള ബോംബുകളാണ് വീട്ടിലേക്ക് എറിഞ്ഞതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗം ബോംബിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്.

കോൺഗ്രസ് ചക്കരക്കൽ മണ്ഡലം സെക്രട്ടറി കണയന്നൂരിൽ സി.സി.രമേശന്റെ വീടിനു നേരെയാണ് തിങ്കളാഴ്‌ച്ച രാത്രി പത്തരയോടെ ബോംബെറിഞ്ഞത്. വീടിന്റെ അടുക്കള ഭാഗത്താണ് ബോംബ് പതിച്ചത്. ജനൽ ഗ്ലാസുകൾ, ഡോറുകൾ, വാഷിങ് മെഷിൻ തുടങ്ങിയവ പൂർണ്ണമായി തകർന്നു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കുമ്പോഴേക്കും അക്രമിസംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

ചക്കരക്കൽ സിഐ സത്യനാഥന്റെ നേതൃത്വത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, നേതാക്കളായ സി.രഘുനാഥ് കെ സി മുഹമ്മദ് ഫൈസൽ, എം.കെ മോഹനൻ, എം.കെ മോഹനൻ, ഷമേജ് പെരളശേരി ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം എം വിഅനിൽകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.രവീന്ദ്രൻ ,ബ്ലോക്ക് സെക്രട്ടറി കെ.വി.അനിശൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു