പഴയങ്ങാടി: മാടായിപ്പാറ പാറക്കുളത്തിന് സമീപം കെ.റെയിൽ - സിൽവർ ലൈനിനായി സ്ഥാപിച്ച സർവ്വേ കുറ്റി വീണ്ടും പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇവിടെ സ്ഥാപിച്ച കുറ്റി വീണ്ടും പിഴുതെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഈ കഴിഞ്ഞ നാലിന് ഇവിടെ സ്ഥാപിച്ച കെ.റെയിൽ സർവ്വേ കുറ്റി പിഴുതുമാറ്റിയിരുന്നു.

ഇതിനെ തുടർന്ന് ഞങ്ങൾ പണി തുടങ്ങിയെന്നു എഴുതി കൊണ്ട് ഫെയ്‌സ് ബുക്ക് കുറിപ്പിട്ട യുത്ത് കോൺഗ്രസ് പഴയങ്ങാടി മണ്ഡലം നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പഴയങ്ങാടി പൊലിസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷവുമുണ്ടായിരുന്നു. സംസ്ഥാനത്ത് കെ. റെയിൽ സർവ്വേ കുറ്റികൾ പിഴുതു മാറ്റുമെന്ന് കെ.സുധാകരൻ പ്രഖ്യാപിക്കുകയും എന്നാൽ കുറ്റിപിഴുതെടുത്തവരുടെ പല്ലു കാണില്ലെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഫെയ്‌സ് ബുക്കിലുടെ മറുപടി നൽകുകയും ചെയ്തിരുന്നു.