ന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളിൽ ഉടൻ ഒപ്പിടുമെന്ന് ഇന്നലെ ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇന്ത്യൻ സമ്പദ്രംഗത്തിന്റെ മുൻനിരയിൽ ബ്രിട്ടീഷ് വ്യവസായ സംരംഭങ്ങളെ എത്തിക്കുവാനുള്ള ഒരു സുവർണ്ണാവസരമാണിതെന്നാണ് പ്രഖ്യാപനത്തെ പറ്റി സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഈ സ്വതന്ത്ര വ്യാപാര കരാർ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

സ്‌കോച്ച് വിസ്‌കി, സാമ്പത്തിക സേവനങ്ങൾ, ആധുനിക സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളൊക്കെ ഈ കരാറിൽ ഉൾപ്പെടും. അനൗപചാരിക ചർച്ചകളിലൂടെ എത്തിയ തീരുമാനത്തിനു മേൽ അടുത്ത ആഴ്‌ച്ച തന്നെ ഔപചാരിക ചർച്ചകൾ ആരംഭിക്കുമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ഒരു വക്താവ് അറിയിച്ചു. ഇന്ത്യയുടെ കുതിച്ചുയരുന്ന സാമ്പത്തിക ഘടനയുമായുള്ള വ്യാപാരബന്ധം ബ്രിട്ടനിലെ വ്യാപാര-വാണിജ്യ സമൂഹത്തിനും ജീവനക്കാർക്കും അതുപോലെ ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുവാനും നിലവിലെ വേതനം വൻതോതിൽ ഉയർത്തുവാനും ഇത് സഹായിക്കും. അതുപോലെ വാണിജ്യ -വ്യവസായ രംഗത്ത് വരുന്ന നവ ആശയങ്ങൾ ഈ മേഖലയിൽ പുത്തനുണർവ്വ് സൃഷ്ടിക്കുക തന്നെ ചെയ്യും, ബോറിസ് ജോൺസൺ പറയുന്നു. ഇന്ത്യയെ പോലെ വളര്ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യവുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ആഗോളാടിസ്ഥാനത്തിൽ തന്നെ ബ്രിട്ടന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

പതിനഞ്ചാമത് യു കെ- ഇന്ത്യ ജോയിന്റ് എക്കണോമിക് ആൻഡ് ട്രേഡ് കമ്മിറ്റിയുടെ മീറ്റിംഗിൽ ഇന്ത്യൻ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്റർനാഷണൽ ട്രേഡ്, ആന്നീ-മേരീ ട്രെവെല്യാൻ കാണാനിരിക്കവേയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയും ബ്രിട്ടനുമായി വിപുലീകൃത വ്യാപാരബന്ധത്തെ സംബന്ധിച്ച് കഴിഞ്ഞ മെയ്‌ മാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബൊറിസ് ജോൺസനും എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച നടപടിക്രമങ്ങളുടെ പുരോഗതി ഈ കൂടിക്കാഴ്‌ച്ചയിൽ വിലയിരുത്തും.

2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും മദ്ധ്യവർത്തി സമൂഹത്തിൽ ഉൾപ്പെടുന്ന ഏകദേശം 250 മില്യൺ ഉപഭോക്താക്കളുള്ള ഒരു വിപണിയുമായി മാറുമെന്നുമാണ് ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ട്രിവില്യൺ പറഞ്ഞത്. ഇത് വിവിധ മേഖലകളിലുള്ള ബ്രിട്ടീഷ് ഉദ്പാദകർക്കും നിർമ്മാതാക്കൾക്കും വൻ സാധ്യതകളാണ് നൽകുക എന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷ്യോദ്പന്ന മേഖല മുതൽ വാഹന നിർമ്മാണ മേഖല വരെയുള്ള വിവിധ മേഖലകൾക്ക് ഈ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രയോജനം ലഭിക്കും.

ഈ സ്വതന്ത്ര വ്യാപാരകരാർ ഇരു രാജ്യങ്ങളിലേയും സാമ്പത്തിക വളർച്ച കൂടുതൽ ത്വരിതപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാജ്യങ്ങളിലും പുത്തൻ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇതിന്റെ മുന്നോടിയായി ഇന്ത്യാക്കാർക്ക് മൂന്ന് വർഷം വരെ ബ്രിട്ടനിൽ താമസിച്ച് ജോലിചെയ്യാൻ സഹായകരമാകുന്ന വിധത്തിൽ നേരത്തേ വിസ ചട്ടങ്ങളിൽ ചില ഇളവുകൾ വരുത്തിയിരുന്നു ആസ്ട്രേലിയൻ പൗരന്മാർക്ക് മാതമായിരുന്നു മുൻപ് ഈ സൗകര്യം നൽകിയിരുന്നത്.

ബ്രെക്സിറ്റിനു ശേഷം ഇൻഡോ-പസഫിക് മേഖലയിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുവാനാണ് ബ്രിട്ടൻ ശ്രമിക്കുന്നത്. ജപ്പാനുമായും ദക്ഷിണ കൊറിയയുമായി ഒക്കെ ഇതിന്റെ ഭാഗമായി വിവിധ വ്യാപാര കരാറുകളിൽ ബ്രിട്ടൻ ഒപ്പുവച്ചിരുന്നു. എന്നാൽ, ബ്രെക്സിറ്റിനു ശേഷം ബ്രിട്ടന് ലഭിക്കുന്ന ഒരു കുതിച്ചു കയറ്റം ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറാണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇന്ത്യയുമായി വ്യാപാരം നടത്തുന്നതിൽ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലാത്ത രീതിയിലായിരിക്കും കരാർ ഉണ്ടാക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യയിൽ വൻ ഉപഭോക്തൃ സമൃദ്ധ വിപണി ലക്ഷ്യം വയ്ക്കുന്ന ബ്രിട്ടൻ, അവിടെ നിന്നുള്ള സ്‌കോച്ച് വിസ്‌കിക്കും കാറുകൾക്കും ഇന്ത്യയിൽ ഇറക്കുമതി തീരുവ ചുമത്താതിരിക്കാനാണ് ശ്രമിക്കുന്നത്. അത് നടന്നാൽ ഇന്ത്യയിൽ സ്‌കോച്ച് വിസ്‌കിയും ബ്രിട്ടീഷ് നിർമ്മിത കാറുകളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. മാത്രമല്ല, കാർഷികോദ്പന്നങ്ങൾ മുതൽ മറ്റു പല സാധനങ്ങളും ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും കയറ്റുമതി ചെയ്യാൻ കഴിയും. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി ഈ കരാറിനെ സർവ്വാത്മനാ സ്വാഗതം ചെയ്തിരിക്കുകയാണ്.

ഇറക്കുമതിതീരുവ നീക്കം ചെയ്യുന്നത് തന്നെ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി 6.8 ബില്യൺ പൗണ്ടോളം വർദ്ധിപ്പിക്കും. സ്‌കോച്ച് വിസ്‌കിക്കും ബ്രിട്ടീഷ് നിർമ്മിത കാറുകൾക്കും വില കുത്തനെ താഴും നിലവിൽ ഇവയ്ക്ക് യഥാക്രമം 150 ഇം 125 ഉം ശതമാനമാണ് ഇറക്കുമതി തീരുവ. ഇന്ത്യയുമായുള്ള ബന്ധം ബ്രിട്ടന്റെ എല്ലാ ഭാഗത്തുമുള്ളവർക്ക് പ്രയോജനകരമാകുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. 2019-ൽ ഇന്ത്യൻ നിക്ഷേപം വഴി പടിഞ്ഞാറൻ മിഡ്ലാൻഡ്സിൽ ഏകദേശം 30,000തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്.

വാഹനനിർമ്മാതാക്കൾ ഏറെയുള്ള വടക്കൻ ഇംഗ്ലണ്ടിനും ഈ കരാർ ഏറെ ഗുണം ചെയ്യും. വാഹനങ്ങളുടെയും സ്പെയർപാർട്സുകളുടെയും തീരുവ ഇല്ലാതെയാകുന്നതോടെ കയറ്റുമതി വർദ്ധിക്കും. ഇത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും എന്നുമാത്രമല്ല, വേതനവർദ്ധനവും ഉറപ്പാക്കും. ഏകദേശം 300 മില്യൺ പൗണ്ടിന്റെ അധിക വരുമാനമാണ് ഈ മേഖലയിൽ കരാർ വഴി പ്രതീക്ഷിക്കുന്നത്.