കോഴിക്കോട്: തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തടയാൻ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പടുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് വനിതാ കമ്മീഷൻ. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ (തടയലും നിരോധിക്കലും പരിഹാരവും) ആക്ട് 2013 പ്രകാരം പത്തും അതിൽ കൂടുതലും ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ലെന്ന സ്ഥിതിയാണുള്ളത്.

നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താൻ നടപടിയുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റികൾ ശക്തമാക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതി പരിഹരിക്കാനുള്ള അവസരമൊരുക്കാൻ തൊഴിലുടമകൾക്കും മാനേജ്‌മെന്റിനും ബാധ്യതയുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. ജില്ലയിലെ ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കലക്ടറോട് ആവശ്യപ്പെടുമെന്ന് കമ്മീഷൻ അറിയിച്ചു.

പത്തിൽ താഴെ ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ ലഭ്യമാകുന്ന പരാതികൾ ഏഴു ദിവസത്തിനുള്ളിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ജില്ലാ തല ലോക്കൽ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. തൊഴിലിടങ്ങളിൽ കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ബോർഡ് അതത് സ്ഥാപനങ്ങളുടെ മുമ്പിൽ പ്രദർശിപ്പിക്കാനും നിർദ്ദേശമുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന തൊഴിൽ മേധാവിക്കെതിരെ അമ്പതിനായിരം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ഉറപ്പ് വരുത്താൻ വനിതാ ശിശു വികസന വകുപ്പ് നേതൃത്വത്തിൽ നേരത്തെ സംസ്ഥാന വ്യാപകമായി പരിശോധനകൾ ഉൾപ്പെടെ നടന്നിരുന്നു. കമ്മിറ്റി രൂപീകരിക്കുന്നതിന് വീഴ്ച വരുത്തിയ സ്ഥാപന മേധാവികൾക്കെതിരെ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിച്ചിരുന്നു. എന്നാൽ പരിശോധനകൾ കുറഞ്ഞതോടെ സ്ഥിതിഗതികൾ പഴയപടിയായി. നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താൻ നടപടിയുണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റികൾ ശക്തമാക്കണമെന്നും കോഴിക്കോട് കലക്ട്രേറ്റ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ പരാതികൾ പരിഗണിച്ച ശേഷം സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി വ്യക്തമാക്കി.

യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാകുന്നുവെന്നും അവർ പറഞ്ഞു. പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരായ യുവതലമുറയാണ് വളർന്നു വരുന്നതെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി അഡ്വ. പി സതീദേവി പറഞ്ഞു.

മെഗാ അദാലത്തിലും സമാനമായ പരാതി ലഭിച്ചു. പ്രണയബന്ധത്തിൽനിന്ന് പിന്മാറുന്ന വ്യക്തിയെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുംമറ്റും അധിക്ഷേപിക്കുന്ന പ്രവണതയും ഏറിവരികയാണ്. പ്രണയത്തിൽ നിന്ന് പിന്മാറുന്ന പങ്കാളിയെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാൻ പരിശീലിക്കുക എന്നത് എല്ലാ ബന്ധങ്ങളിലും അത്യന്താപേക്ഷിതമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഗാർഹികപീഡനം സംബന്ധിച്ച പരാതികളാണ് മുഖ്യമായും അദാലത്തിൽ ലഭിച്ചത്. ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിച്ച വ്യക്തിയെ സംബന്ധിച്ച കേസും കമ്മീഷനു ലഭിച്ചു. നിലവിൽ രണ്ടു കുടുംബങ്ങളെയും പരിപാലിക്കാൻ കഴിയാത്ത സ്ഥിതിയാണുണ്ടായത്. മെഗാ അദാലത്തിൽ 88 പരാതികൾ ലഭിച്ചു. 28 എണ്ണം തീർപ്പാക്കി. 57 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റുകയും മൂന്നെണ്ണത്തിൽ പൊലീസിൽനിന്നും റിപ്പോർട്ട് തേടുകയും ചെയ്തു. കമ്മീഷൻ അംഗം അഡ്വ. എം എസ് താര, അഡ്വക്കറ്റ്മാരായ ടി ഷീല, പി. മിനി, റീന സുകുമാരൻ, എ. ജമിനി തുടങ്ങിയവർ പരാതികൾ പരിഗണിച്ചു.