കൊച്ചി: പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയിൽ സ്വകാര്യ വായ്പ ഇടപാടു സ്ഥാപനം നടത്തിയിരുന്ന തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജിനെയാണു (40) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇയാൾ യുവതിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണു പരാതി. ആലുവ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: കലൂരിൽ സെൽവരാജ് കഴിഞ്ഞ വർഷം ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ യുവതി. സ്ഥാപനത്തിൽ യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി. പിന്നീട് ബിസിനസ് കോൺഫറൻസുകൾ എന്ന വ്യാജേന വയനാട്ടിൽ ഉൾപ്പെടെ എത്തിച്ചു പീഡിപ്പിച്ചു.

ഇതിനിടെ വിവാഹിതയായ യുവതിയെ, ദൃശ്യങ്ങൾ പുറത്തു വിടുമെന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നതോടെയാണു യുവതി റൂറൽ പൊലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിനു പരാതി കടവന്ത്ര പൊലീസിനു കൈമാറി.