- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവർത്തിച്ചുള്ള കോവിഡ് ബൂസ്റ്റർ ഡോസുകൾ അപകടം; പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും: മുന്നറിയിപ്പുമായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി
കോവിഡ് ബൂസ്റ്റർ ഡോസുകൾ ആവർത്തിച്ച് കുത്തിവയ്ക്കുന്നത് അപകടം. ഇത് ഗുണത്തേക്കാൾ ദോഷം ചെയ്‌തേക്കാമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മുന്നറിയിപ്പു നൽകി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഓരോ നാലു മാസം കൂടുമ്പോഴും എടുക്കുന്ന ബൂസ്റ്റർ ഡോസുകൾ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തി ആളുകളെ ക്ഷീണിപ്പിക്കുമെന്നതിനാൽ ശുപാർശ ചെയ്യപ്പെടുന്നതല്ലെന്ന് ഏജൻസി വ്യക്തമാക്കി.
ബൂസ്റ്റർ ഡോസുകൾക്കിടയിൽ കൂടുതൽ ഇടവേള ആവശ്യമാണെന്നും ഏജൻസി വ്യക്തമാക്കി. ആദ്യ ബൂസ്റ്റർ ഡോസ് വിതരണത്തിന് ശേഷം രണ്ടാം കോവിഡ് ബൂസ്റ്റർ ഡോസുമായി ചില രാജ്യങ്ങൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നയം വ്യക്തമാക്കിയത്. ഒന്നോ രണ്ടോ തവണ എടുക്കാമെന്നല്ലാതെ നിരന്തരം ആവർത്തിക്കുന്ന ഒന്നായി കോവിഡ് ബൂസ്റ്റർ ഡോസുകൾ മാറരുതെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി മേധാവി മാർകോ കാവലറി പറഞ്ഞു. മഹാമാരിയിൽ നിന്ന് പ്രാദേശിക പകർച്ചവ്യാധിയായി കോവിഡ് മാറുന്ന ഒരു സാഹചര്യത്തെ കുറിച്ച് ആലോചിച്ച് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ആദ്യം 60 കഴിഞ്ഞവർക്ക് ഇസ്രയേൽ രണ്ടാം ബൂസ്റ്റർ ഡോസ് വിതരണം ആരംഭിച്ചിരുന്നു. എന്നാൽ മാസങ്ങളോളം സംരക്ഷണം നൽകാൻ ആദ്യ ബൂസ്റ്റർ ഡോസിന് സാധിക്കുന്നതിനാൽ രണ്ടാം ബൂസ്റ്റർ ഡോസ് ഉടൻ ആവശ്യമില്ലെന്ന് യുകെ ചൂണ്ടിക്കാട്ടി. പാക്‌സ് ലോവിഡ്, റെംഡെസിവിർ പോലുള്ള ആന്റിവൈറൽ മരുന്നുകൾ ഒമിക്രോണിനെതിരെയും തങ്ങളുടെ കാര്യക്ഷമത നിലനിർത്തുന്നതായും യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറയുന്നു. ഏപ്രിൽ മാസത്തോടെ പുതിയ കോവിഡ് വകഭേദത്തെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്ന വാക്‌സീനുകൾക്ക് അംഗീകാരം നൽകി തുടങ്ങുമെന്നും ഏജൻസി പ്രതീക്ഷ പ്രകടിപ്പിച്ചു.