കൊച്ചി: പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂർ സ്വദേശി സെൽവരാജാണ് (40) പിടിയിലായത്. കലൂരിൽ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന സെൽവരാജിനെതിരെ ആലുവ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കടവന്ത്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വർഷമാണ് സെൽവരാജ് കലൂരിൽ സ്ഥാപനം തുടങ്ങുന്നത്. പ്രണയം നടിച്ച സെൽവരാജ് കഴിഞ്ഞ വർഷം ജൂണിൽ യുവതിയെ ആദ്യം സ്ഥാപനത്തിൽവെച്ച് പിഡിപ്പിച്ചു. തുടർന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നീട് ക്ലസ്റ്റർ മീറ്റിങ് എന്ന വ്യാജേന വയനാട്ടിലടക്കം എത്തിച്ച് പീഡനത്തിന് ഇരയാക്കി.

ദൃശ്യങ്ങൾകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ യുവതി വിവാഹിതയായി. തുടർന്ന് ചിത്രങ്ങൾ പുറത്തുവിടുമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. പണത്തിന് പകരം സ്വർണം നൽകിയെങ്കിലും ഭീഷണി തുടർന്നു. ഇതോടെ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

കടവന്ത്ര എസ്.എച്ച്.ഒ എം. അൻവറിന്റെ നേതൃത്വത്തിൽ എസ്‌ഐ മിഥുൻ, എസ്.സി.പി.ഒ ദിലീപ്, സി.പി.ഒ ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് കലൂരിലെ ഓഫിസിൽനിന്ന് പ്രതിയെ പിടികൂടിയത്.