പാലക്കാട്: സിപിഎം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ ചൈന അനുകൂല നിലപാട് വിവാദമാകുന്നതിനിടെ ജില്ലാ സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർത്തിയ പാറശ്ശാല ഏരിയാ കമ്മിറ്റിയെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം.

'ചൈനയെ തള്ളിയതിന്റെ പേരിൽ പാറശ്ശാല ഏരിയാ കമ്മിറ്റിക്കാരെ ട്രോളുകയല്ല വേണ്ടത്, സിപിഐം നേതാക്കളുടെ സ്ഥിരമായ 'ചൈന തള്ളു'കളിലെ പൊള്ളത്തരം തിരിച്ചറിഞ്ഞ് അത് തള്ളിക്കളഞ്ഞ പാർട്ടിക്കകത്തെ അപൂർവം വിവേകശാലികൾ എന്ന നിലയിൽ പാറശ്ശാലക്കാർ അഭിനന്ദനമാണ് അർഹിക്കുന്നത്,' വി.ടി. ബൽറാം ഫേസ്‌ബുക്കിൽ എഴുതി.

ഇന്നത്തെ സാമ്പത്തിക നയങ്ങൾ നോക്കുമ്പോൾ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യമാകും. കാലാവസ്ഥ വ്യതിയാനത്തിൽ വില്ലൻ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നിങ്ങനെയായിരുന്നു സി.പിഎം ജില്ലാ സമ്മേളനത്തിൽ പാറശ്ശാല ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്ന വിമർശനങ്ങൾ.

ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു. ഈ പരാമർശം വിവാദമാകുന്നതിനിടെയാണ് പാറശ്ശാല ഏരിയാ കമ്മിറ്റി ജില്ലാ സമ്മേളനത്തിൽ ചൈനയ്ക്ക് എതിരെ വിമർശനമുന്നയിച്ചിരുന്നത്.

രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പിഎമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

നമ്മുടെ അതിർത്തിയിൽ നിരന്തരമായ സംഘർഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചൽ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയേറിയിട്ടുണ്ട്. ഇത്തരത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സിപിഐ.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയമെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, ചൈനാ നിലപാടിൽ എസ്. രാമചന്ദ്രൻ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആർ.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.