മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നുവെന്ന് ആശുപത്രി അധികൃതർ. കോവിഡിനൊപ്പം അവർക്കു ന്യൂമോണിയയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലതാമങ്കേഷ്‌കറുടെ ആരോഗ്യ നില നിരീക്ഷിച്ചുവരികയാണെന്ന് ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതീത് സാംധാനി പറഞ്ഞു.

''അവർ ഐസിയുവിൽ തുടരുകയാണ്, ആരോഗ്യ നില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വേഗം സുഖപ്പെടാനായി പ്രാർത്ഥിക്കൂ'' ഡോ. സാംധാനി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് ഗായികയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രായം പരിഗണിച്ച് കരുതൽ നടപടിയുടെ ഭാഗമായാണ് അവരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് മരുമകൾ രചന അറിയിച്ചിരുന്നു. ലതാ മങ്കേഷ്‌കറുടെ നില തൃപ്തികരമാണെന്നും രചന വാർ്ത്താ ഏജൻസിയോടു പറഞ്ഞു.

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർക്ക് 92 വയസ്സുണ്ട്. വാർധക്യസഹജമായ രോഗങ്ങളും ഗായികയെ അലട്ടുന്നുണ്ട്. ശ്വാസസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് 2019 നവംബറിൽ ലത മങ്കേഷ്‌കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇതിഹാസ ഗായികയുടെ 92ാം ജന്മദിനം ആഘോഷിച്ചത്. 1929 സെപ്റ്റംബർ 28 ന് ജനിച്ച ലതമങ്കേഷ്‌കർക്ക് ദാദാസാഹേബ് ഫാൽക്കെ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001 ൽ രാജ്യം ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്നം നൽകി ആദരിച്ചിരുന്നു.