- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിപിഎമ്മിന് ചോറ് ഇവിടെയും കൂറ് അങ്ങ് ചൈനയിലും; എന്നും ദേശവിരുദ്ധ നിലപാട്'; ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ധാർമികാവകാശം സിപിഎമ്മിനില്ല; കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിപിഎം നേതൃത്വത്തിന്റെ ചൈന അനുകൂല നിലപാടിനെതിരെ തുറന്നടിച്ച് രമേശ് ചെന്നിത്തല നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുകയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സിപിഎം നേതാക്കളുടെ രീതി ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം സമ്മേളനത്തിൽ ചൈന അനുകൂല നിലപാടുമായി രംഗത്തെത്തിയ പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ളയുടെ പരാമർശങ്ങൾക്കാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ പ്രതികരണം.
സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും, പല തവണ പല സംസ്ഥാനങ്ങളിൽ സിപിഎം അധികാരം കയ്യാളിയിട്ടും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന ചൈനയോട് കൂറു പുലർത്തുന്ന സിപിഎമ്മിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള എന്ത് ധാർമ്മികാവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സിപിഎമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങുമാണ്. എന്നും ദേശവിരുദ്ധ നിലപാടാണ്. ജനരോഷം ഭയന്നുമാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ചൈനീസ് സ്തുതിയെ തിടുക്കപ്പെട്ട് തിരുത്താൻ ശ്രമിച്ചത്. പക്ഷേ അതുകൊണ്ടുകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'സിപിഎം നേതാക്കളുടെ ചൈനാ പ്രേമം ആദ്യമായിട്ടല്ല പുറത്തു വരുന്നത്. രണ്ട് വർഷം മുൻപ് സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രസംഗിച്ചിരുന്നു.
1962 ൽ ചൈനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗമെന്ന് എഴുതിയ ഇ.എം.എസിന്റെ മനോഭാവം തന്നെയാണ് സിപിഐ.എം നേതാക്കൾക്ക് ഇപ്പോഴുമുള്ളത്.
2020 ജൂണിൽ കിഴക്കൻ ലഡാക്കിൽ ഗാൽവൻ താഴ് വരയിൽ ചൈനീസ പട്ടാളം ഇന്ത്യൻ മണ്ണിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യുസംഭവിച്ചപ്പോൾ സിപിഐ.എം അതിനെ അപലപിച്ച രീതി ഓർമ്മയുണ്ടോ?,' ചെന്നിത്തല ചോദിച്ചു.
ചൈന എന്ന പേരു പോലും പറയാതെയാണ് ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാൻ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.
പാക്കിസ്ഥാനെ ആയുധമണിയിക്കുകയും ഹോങ്കോംഗ്, തെയ് വാൻ തുടങ്ങിയ രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുകയും അരുണാചൽ പ്രദേശിന്റെ അതിർത്തി ഗ്രാമങ്ങൾ കയ്യടക്കാൻ ശ്രമിക്കുകയും ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്ന ചൈനയെയാണ് സിപിഐ.എം ഇപ്പോഴും ആരാധിക്കുന്നത്. എന്നിട്ടും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സിപിഐ.എമ്മിനെ ഗൗനിക്കുന്നു പോലുമില്ലെന്നതാണ് ഇതിലെ പരിഹാസ്യമായ വസ്തുതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സിപിഎമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.
ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നത്.
എന്നാൽ ചൈനാ നിലപാടിൽ എസ്. രാമചന്ദ്രൻ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു. ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആർ.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ന്യൂസ് ഡെസ്ക്