- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം; ഭാര്യയെ ലൈംഗിക തൊഴിലാളികളുമായി താരതമ്യപ്പെടുത്തൽ: ജഡ്ജിയുടെ പരാമർശം വിവാദമായി
ന്യൂഡൽഹി: വൈവാഹിക ലൈംഗിക ബന്ധത്തിൽ ഭാര്യയുടെ സമ്മതത്തെ ലൈംഗികത്തൊഴിൽ ചെയ്യുന്നവരുടേതുമായി ബന്ധപ്പെടുത്തിയ ജഡ്ജിയുടെ പരാമർശം വിവാദമായി. വിവാഹജീവിതത്തിൽ ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ഹർജിയിൽ, ഭാര്യയുടെ സമ്മതത്തെ ലൈംഗികത്തൊഴിൽ ചെയ്യുന്നവരുടേതുമായി താരതമ്യപ്പെടുത്തിയതാണ് വിവാദമായത്.
ഇത്തരം സാഹചര്യത്തിൽ ഭാര്യയ്ക്ക് 'അരുത്' എന്നു പറയാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ലൈംഗികത്തൊഴിലാളിയുടെ അത്ര പോലും ശാക്തീകരണം ഇല്ലാത്തയാളാണോ ഭാര്യയെന്നും ഡൽഹി ഹൈക്കോടതി ജസ്റ്റിസ് രാജീവ് ശക്ധർ ചോദിച്ചിരുന്നു. ലൈംഗികത്തൊഴിലാളിയെ പോലും പീഡിപ്പിക്കുന്നതിനു നിയമത്തിൽ ഇളവില്ല. ഏതു ഘട്ടത്തിലും വിസമ്മതിക്കാൻ അവർക്ക് അവകാശമുണ്ട്. അതിനെക്കാൾ താഴ്ന്ന നിലയിലാണോ ഭാര്യയെന്നാണ് ജസ്റ്റിസ് ശക്ധർ ചോദിച്ചത്.
ഈ താരതമ്യത്തോട് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഹരിശങ്കർ അപ്പോൾത്തന്നെ വിയോജിച്ചിരുന്നു. വിവാഹജീവിതത്തിലെ ലൈംഗികതയും ലൈംഗികത്തൊഴിലാളിയുടേതും ഒന്നല്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ വാദം മറ്റു കാര്യങ്ങളിലേക്കു പോകാതെ നിയമപ്രശ്‌നങ്ങളിലേക്കു ശ്രദ്ധ നൽകാനും ജസ്റ്റിസ് ഹരിശങ്കർ ആവശ്യപ്പെട്ടു. കോടതി നടത്തിയതു വിചിത്രമായ താരതമ്യമാണെന്നു ബിജെപി നേതാവ് ആഭ സിങ് പറഞ്ഞു.
ഇതിനിടെ, വിശദ ചർച്ച പൂർത്തിയാക്കുന്നതു വരെ വിവാഹജീവിതത്തിലെ ബലമായ ലൈംഗിക പീഡനത്തെ ക്രിമിനൽ കുറ്റമാക്കാൻ കഴിയില്ലെന്നു കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. വിഷയത്തിൽ സമഗ്ര മാറ്റത്തിനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.