ന്യൂഡൽഹി: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ സഹോദരൻ മനോഹർ സിങ്. ബസി പത്താന മണ്ഡലത്തിലാണ് താൻ മത്സരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.

ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്ക് ടിക്കറ്റ് എന്ന മാനദണ്ഡത്തെ തുടർന്നാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്. വിഷയത്തിൽ ചന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസി പത്താന. സിറ്റിങ് എംഎൽഎ ഗുർപ്രീത് സിങ്ങിനാണ് കോൺഗ്രസ് മണ്ഡലത്തിൽ സീറ്റ് കൊടുത്തത്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 86 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.

ഗുർപ്രീത് സിങ്ങിന് സീറ്റ് കൊടുത്തതിനെ വിമർശിച്ച് മനോഹർ സിങ് രംഗത്തെത്തി. ഗുർപ്രീത് സിങ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖർ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.

കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് ഒറ്റഘട്ടമായി നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.