- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സിൽവർ ലൈൻ പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരി; ഡി.പി.ആർ സർക്കാർ രഹസ്യമായി സൂക്ഷിച്ചത് അപകടം തിരിച്ചറിഞ്ഞ്'; യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയെന്ന് ബോധ്യമായെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അൻവർ സാദത്ത് എംഎൽഎ അവകാശലംഘനത്തിനു നോട്ടീസ് നൽകിയതിനെ തുടർന്നു പുറത്തുവിട്ട സിൽവർ ലൈൻ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരിയാണെന്നു ബോധ്യപ്പെട്ടതായി കെ സുധാകരൻ പറഞ്ഞു. അപകടം തിരിച്ചറിഞ്ഞാണ് സർക്കാർ ഇക്കാലമത്രയും ഡി.പി.ആർ രഹസ്യമായി സൂക്ഷിച്ചതെന്നും കെ സുധാകരൻ ആരോപിച്ചു.
പ്രതിരോധ മന്ത്രാലയം, വ്യോമസേന മന്ത്രാലയം, ക്ലാസിഫൈഡ് ഇൻഫർമേഷൻ തുടങ്ങിയ സാങ്കേതികത്വം ഉപയോഗിച്ച് നാട്ടുകാരെ പേടിപ്പിച്ച് അനായാസം പാത ഉണ്ടാക്കാമെന്നാണ് സർക്കാർ കരുതിയത്. ഡി.പി.ആർ പുറത്തുവന്നതോടെ യു.ഡി.എഫും കോൺഗ്രസും സ്വീകരിച്ച നിലപാട് നൂറു ശതമാനം ശരിയായിരുന്നെന്നു ബോധ്യമായി. ഇതു പദ്ധതിക്കെതിരായ പ്രക്ഷോഭത്തിനു കൂടുതൽ കരുത്തുപകരുമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്തിന്റെ നിലവിലെ ഗതാഗത സംവിധാനങ്ങളെല്ലാം പരാജയമാണെന്ന് വരുത്തിത്തീർക്കാൻ ഡി.പി.ആർ പരമാവധി ശ്രമിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് 18ന് ഡൽഹിയിൽ ചേർന്ന ഡിപ്പാർട്ട്മെന്റെ ഓഫ് ഇക്കണോമിക് അഫയേഴ്സ് യോഗത്തിലെ തീരുമാനം ഇതോടൊപ്പം കൂട്ടിവായിക്കണം.
കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് 5,900 കോടിയുടെ 12 പദ്ധതികളും നടപടിക്രമങ്ങളിലുള്ളത് 37,300 കോടിയുടെ എട്ട് പദ്ധതികളുമാണ്. ഇതിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ പൂർത്തിയാക്കാനും മറ്റു പദ്ധതികൾ ഉപേക്ഷിച്ച് ആ ഫണ്ട് മറ്റു സംസ്ഥാനങ്ങൾക്ക് നൽകാനും തീരുമാനിച്ചു. സിൽവർ ലൈൻ പദ്ധതിക്ക് സഹായം ലഭ്യമാക്കാൻ കേരളത്തിന്റെ മറ്റു പദ്ധതികളെ കുരുതി കഴിക്കുകയാണു സർക്കാർ ചെയ്തത്.
കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുക്കാതെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതാണ് പദ്ധതിയെന്നു വ്യക്തം. എന്നാൽ, തിരുവനന്തപുരത്തുള്ള ഒരു ഏജൻസി ദ്രുതഗതിയിലുള്ളതും വളരെ ശുഷ്‌കവും ഒട്ടും പര്യാപ്തവുമല്ലാത്ത പാരിസ്ഥിതിക ആഘാത പഠനം നടത്തി സർക്കാർ നിലപാടുകൾക്ക് വെള്ളപൂശുകയാണു ചെയ്തത്. ഇതൊരു അംഗീകൃത ഏജൻസി പോലും അല്ല.
പദ്ധതിയുടെ ചെലവു കുറച്ചുകാണിക്കാൻ ഡി.പി.ആറിൽ ധാരാളം തിരിമറി കാട്ടിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന വരുത്തിയപ്പോൾ, നിർമ്മാണച്ചെലവ് കുത്തനെ കുറച്ചു കാട്ടുകയും ചെയ്തു. നിലവിലുള്ള റോഡുകളോ റെയിൽവെ ലൈനുകളോ മെച്ചപ്പെടുത്തരുത്, റോഡുകളിൽ ടോൾ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും സംസ്ഥാനത്തിനു ഹാനികരമാണെന്നു സുധാകരൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ