- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്ക് കഴിഞ്ഞിട്ടും ശബരിമലയിൽ വൻ തിരക്ക്; 19 വരെ ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്താം: നെയ്യഭിഷേകം നാളെക്കൂടി മാത്രം
ശബരിമല: മകരവിളക്ക് കഴിഞ്ഞിട്ടും ശബരിമലയിൽ വൻ തിരക്ക്. സന്നിധാനത്ത് ദർശനത്തിന് അയ്യപ്പന്മാരുടെ തിക്കും തിരക്കുമാണ്. ഇന്നലെ പുലർച്ചെ നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ നീണ്ട ക്യൂ ആയിരുന്നു. പല സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ ഒഴുക്കാണ്. സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിൽ അയ്യപ്പന്മാർ പലേടത്തു നിന്നും എത്തിക്കൊണ്ടിരിക്കുകയാണ്.
ശബരിമലയിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും 19 വരെ ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്താമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. അതിനാൽ തന്നെ വെർച്വൽക്യു ബുക്ക് ചെയ്ത് വ്രതം നോക്കി, പല സംസ്ഥാനങ്ങളിൽനിന്നു തീർത്ഥാടകർ പുറപ്പെട്ടിട്ടുണ്ട്. ഇവിടെയെത്തുമ്പോൾ ദർശനം പറ്റില്ലെന്നു പറയുന്നത് അവർക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ആലങ്ങാട് സംഘത്തിന്റെ മഹാനിവേദ്യം നടന്നു. ഏഴ് ചെമ്പ് പായസവും വെള്ള നിവേദ്യവും തയാറാക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മഹാനിവേദ്യം അയ്യപ്പനു സമർപ്പിച്ചു. നാളെ കൂടി മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്ത് നാളെ ശരംകുത്തിയിൽ എത്തും. അത്താഴ പൂജയ്ക്കു ശേഷമാണ് എഴുന്നള്ളത്ത്. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്തും നാളെ സമാപിക്കും.
ശബരിമലയിൽ ഇന്ന്
നട തുറക്കൽ 5.00
അഭിഷേകം 5.30
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00
വൈകിട്ട് നട തുറക്കൽ 5.00
പടിപൂജ 7.00
മാളികപ്പുറത്ത്
എഴുന്നള്ളത്ത് 8.30
നട അടയ്ക്കൽ 10.00