ന്യൂഡൽഹി: വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ ഒരു മാൻ കുതിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 'വൈൽഡ്ലെൻസ് ഇക്കോ ഫൗണ്ടേഷൻ' എന്ന ഹാൻഡിൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വളരെ പെട്ടെന്ന് തന്നെയാണ് വൈറലായത്. തികച്ചും അമ്പരപ്പോടെയാണ് ആളുകൾ വീഡിയോ കണ്ടത്.

ക്ലിപ്പിൽ, മാൻ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ ഏഴ് അടി വരെ ഉയരത്തിൽ കുതിക്കുന്നത് കാണാം. ഒരു ജലാശയത്തിന്റെ അടുത്തുനിന്നുമാണ് മാൻ വരുന്നത്. പിന്നീട് അത് മൺപാതയ്ക്ക് മുകളിലൂടെ ചാടുന്നതും കാണാം. കണ്ടാൽ ശരിക്കും ഒരു പക്ഷി പറക്കുന്നത് പോലെ തന്നെയായിരുന്നു ഈ മാനിന്റെ കുതിപ്പ്.

മാനിന്റെ ഈ 'പറക്കൽ' കണ്ടാൽ അത് സുരക്ഷിതമായി നിലത്തിറങ്ങുമോ എന്ന് വരെ നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ, അത് സുരക്ഷിതമായി താഴെ ഇറങ്ങി എന്ന് മാത്രമല്ല, അപ്പുറത്തേക്ക് കൂളായി നടക്കുന്നതും കാണാം. 'ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ അമ്പതിനായിരത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. പലരും അവിശ്വസനീയം എന്നാണ് വീഡിയോയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.