- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു; വിടവാങ്ങിയത് ലോകമെമ്പാടും കഥക് അവതരിപ്പിച്ച കലാകാരൻ
ന്യൂഡൽഹി: ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കവേ അബോധാവസ്ഥയിലാവുകയായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തിന് ഏതാനും ദിവസം മുൻപ് ചികിത്സയിലായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതം മുഴുവൻ കഥക് എന്ന കലാരൂപത്തിനായി ഉഴിഞ്ഞുവെച്ച കാലാകാരനായിരുന്നു പണ്ഡിറ്റ് ബിർജു മഹാരാജ്. പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ച കലാകാരനാണ് ബിർജു മഹാരാജ്.
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, നൃത്ത രൂപകൽപ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പണ്ഡിറ്റ്ജി, മഹാരാജ്ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. ബ്രിജ്‌മോഹൻ മിശ്ര എന്നാണ് മുഴുവൻ പേര്.
1938 ൽ ലക്‌നൗവിലാണ് ജനനം. ഏഴാം വയസ്സിൽ തന്നെ പണ്ഡിറ്റ് ബിർജു മഹാരാജ് നൃത്തത്തിന്റെ ലോകത്തിലേക്ക് എത്തി. ഇന്ത്യയിലും വിദേശത്തും ധാരാളം നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ധനുമായിരുന്നു അദ്ദേഹം. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തിവരികയായിരുന്നു.
കഥക് നൃത്തത്തിൽ പേരുകേട്ടവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ ജഗന്നാഥ് മഹാരാജ്, അമ്മാവന്മാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നർത്തകരാണ്. നർത്തകൻ മാത്രമല്ല ഗായകൻ കൂടിയാണ് ബിർജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ സംഭവങ്ങൾ കലയിൽ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നർത്തകനാണ് അദ്ദേഹം. ലോകമെമ്പാടും കഥക് അവതരിപ്പിച്ചിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ട്.
ന്യൂസ് ഡെസ്ക്