- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിൽവർലൈനിൽ സർക്കാരിന് യുദ്ധപ്രഖ്യാപനമില്ല'; ആശങ്കകൾ തീർക്കുമെന്ന് റവന്യുമന്ത്രി; ഡിപിആറിൽ ഇനിയും തിരുത്തലാകാമെന്ന നിലപാടിൽ സർക്കാർ; പദ്ധതി രേഖ പുറത്തുവിട്ടതിൽ അപകടമൊന്നും ഇല്ലെന്ന് കെ റെയിൽ എംഡി; ഇടത് ബുദ്ധിജീവികളുടെ എതിർപ്പെങ്കിലും കേൾക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സിൽവർലൈനിൽ സർക്കാരിന് യുദ്ധപ്രഖ്യാപനമില്ലെന്നും ആശങ്കകൾ തീർക്കുമെന്നും വ്യക്തമാക്കി റവന്യുമന്ത്രി കെ രാജൻ. തൃശ്ശൂരിലെ യോഗത്തിലാണ് റവന്യൂ മന്ത്രി സർക്കാരിന് പിടിവാശിയില്ലെന്ന് തുറന്നു പറഞ്ഞത്. അതേ സമയം ഇടത് ബുദ്ധിജീവികൾ ആവശ്യപ്പെട്ട തിരുത്തലിന് പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേ സമയം ഡിപിആർ ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനമാണെന്ന് കെ റെയിൽ എംഡി അജിത് കുമാർ പ്രതികരിച്ചു. ഡിപിആർ അപ്രൂവ് ചെയ്ത ശേഷം മാത്രമേ സാധാരണ പുറത്ത് വിടാറുള്ളൂവെന്നാണ് കെ റെയിൽ എംഡി പറയുന്നത്. ഇപ്പോൾ പുറത്ത് വിട്ടത് സർക്കാരിന്റെ തീരുമാനം അനുസരിച്ചാണ് അതുകൊണ്ട് പ്രത്യേകിച്ച് അപകടമൊന്നും ഇല്ലെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു. അലൈന്മെന്റിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെന്ന് പറഞ്ഞ കെ റെയിൽ എംഡി പദ്ധതി 2025നുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കുമെന്നാണ് അവകാശപ്പെട്ടത്.
അതീവരഹസ്യരേഖയാണന്നും ടെണ്ടറിന് മുമ്പെ പുറത്തുവിടാനാകില്ലെന്നും വാദിച്ചിരുന്ന കെ റെയിലിന്റെ ഡിപിആർ സർക്കാർ പുറത്ത് വിട്ടത് രണ്ട് ദിവസം മുമ്പാണ്. വിശദ പദ്ധതി രേഖ അനുസരിച്ച് 2025-26 ൽ കമ്മീഷൻ ചെയ്യുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പ്രതിദിനം ആറു കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
1383 ഹെക്ടർ സ്ഥലമാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കില്ലെന്ന പറയുന്ന പദ്ധതി രേഖ നിർമ്മാണഘട്ടത്തിൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഡിപിആർ പ്രസിദ്ധീകരിക്കാൻ നിർബന്ധിതരായ സർക്കാർ ഇപ്പോൾ അയഞ്ഞ സമീപനത്തിലാണ്. പദ്ധതി ഉണ്ടാകാനിടയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും നിർമ്മാണഘട്ടത്തിൽ തന്നെ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമുള്ള ഡിപിആറിലെ ആശങ്കകൾ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പിടിവാശി വിട്ട് ചർച്ചയാകാം മാറ്റവുമാകാം എന്നൊക്കെയുള്ള സമീപനം.
ഡിപിആറിൽ ഇനിയും തിരുത്തലാകാമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ഇതിനകം വലിയ ചർച്ചയാകുന്നുണ്ട്. കേന്ദ്രത്തിന്റെ അന്തിമാനുമതിക്ക് സമർപ്പിച്ച ഡിപിആറിൽ കേന്ദ്ര സർക്കാരോ, നീതി ആയോഗോ, റെയിൽവെ ബോർഡോ തിരുത്തലിന് വേണമെങ്കിൽ ആവശ്യപ്പെടാം. കേന്ദ്രം അത്തരമൊരു സമീപനം സ്വീകരിക്കും മുമ്പ് തന്നെ സർക്കാരിന്റെ പിന്നോട്ട് പോകൽ ഡിപിആറിൽ സർക്കാറിനുള്ള സംശയമായി വിദഗ്ദ്ധർ ഉന്നയിക്കുന്നു
ഡിപിആർ തിരുത്തുമെന്ന സർക്കാർ നിലപാട് സർക്കാറിന് തന്നെ പദ്ധതിയിൽ സംശയങ്ങളുള്ളതുകൊണ്ടാണെന്ന് സിഡിഎസ് മുൻ ഡയറക്ടറും ഇടത് സഹയാത്രികനുമായ കെ പി കണ്ണൻ പറയുന്നു.
കെ പി കണ്ണൻ അടക്കമുള്ള വിദഗ്ധരും പൗരപ്രമുഖരുമാണ് പദ്ധതിയിൽ പുനരാലോചന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ എം കെ പ്രസാദും കത്തിൽ ഒപ്പിട്ടിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് ഡിപിആർ പഠിക്കുകയാണ്. ഇടത് ബുദ്ധിജീവികളുടെ എതിർപ്പെങ്കിലും സർക്കാർ കേൾക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ഡിപിആർ വന്നില്ലേ ഇനി ചർച്ചയാകാം എന്ന അവകാശപ്പെടുന്ന സർക്കാർ നിർമ്മാണത്തിനുള്ള സാമഗ്രികൾ എങ്ങനെ കണ്ടെത്തും, ഡിപിആർ തന്നെ ചൂണ്ടിക്കാണിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കും എന്നൊന്നും വിശദീകരിക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ