ബ്രസൽസ്: ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ റെയിൽവേ സ്റ്റേഷനിൽ സ്ത്രീയെ ഓടുന്ന ട്രെയിനിനു മുൻപിലേക്കു തള്ളിയിട്ടു. സ്ത്രീ പാളത്തിലേക്കു വീണെങ്കിലും ട്രെയിൻ ഉടൻ തന്നെ നിർത്തിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. 24 വയസ്സുള്ള ഫ്രഞ്ച് പൗരനാണ് റെയിൽവേ സ്റ്റേഷനിൽവച്ച് സ്ത്രീയെ ആക്രമിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് റോജിയർ മെട്രോ സ്റ്റേഷനിലാണു സംഭവം നടന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി.

ട്രെയിൻ വരുമ്പോൾ സ്ത്രീയുടെ പിറകിൽ നിൽക്കുകയായിരുന്നു ഇയാൾ. അപ്രതീക്ഷിതമായി തള്ളിയതോടെ സ്ത്രീ നിലതെറ്റി പാളത്തിലേക്കു വീണു. എന്നാൽ ഉടൻ തന്നെ ട്രെയിൻ ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. സംഭവം ഞെട്ടലുണ്ടാക്കിയതായും വളരെ മികച്ച രീതിയിലാണ് മെട്രോ ഡ്രൈവർ സാഹചര്യം കൈകാര്യം ചെയ്തതെന്നും ബ്രസൽസ് ഇന്റർകമ്യൂണൽ ട്രാൻസ്‌പോർട്ട് കമ്പനി വക്താവ് അറിയിച്ചു.

സ്ത്രീയെയും മെട്രോ ഡ്രൈവറെയും ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. സ്ത്രീയെ തള്ളിയ ശേഷം അക്രമി രക്ഷപെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മറ്റൊരു മെട്രോ സ്റ്റേഷനിൽവച്ച് ഇയാളെ പിടികൂടി. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മാനസിക നിലയും പരിശോധിക്കുന്നുണ്ട്.