ലഡാക്ക്: ലേയിലെ 11000 അടി ഉയരത്തിൽ നിർമ്മിച്ച ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ലേയിലെ സ്പിറ്റുകിൽ നിർമ്മിച്ച ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചയാണ് അനുരാഗ് താക്കൂർ ട്വിറ്ററിൽ പങ്കുവച്ചത്.

ഖേലോ ഇന്ത്യ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറിന്റെ ഭാഗമായി നിർമ്മിച്ച ഫുട്‌ബോൾ സ്റ്റേഡിയം സമുദ്രനിരപ്പിൽ നിന്ന് 11000 അടി ഉയരത്തിലാണ്.

പർവതങ്ങളാലും തെളിഞ്ഞ ആകാശത്താലും ചുറ്റപ്പെട്ട സ്റ്റേഡിയത്തിന്റെ മനോഹരമായ കാഴ്ചയാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുൻ കായിക മന്ത്രി കിരൺ റിജിജുവാണ് ഫുട്ബോൾ സ്റ്റേഡിയത്തിന് കല്ലിട്ടത്. ഫുട്ബോൾ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിനാൽ ചുറ്റപ്പെട്ട ഒരു ആസ്ട്രോടർഫ് ഫുട്ബോൾ പിച്ചും ഉൾപ്പെടുന്നു.



സ്പിറ്റുകിലെ ജനങ്ങൾക്കും പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരാകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും സ്റ്റേഡിയം വലിയ ഗുണം ചെയ്യും. സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് മനോഹരമായ ഭൂപ്രകൃതിക്ക് നടുവിൽ ഫുട്ബോൾ മത്സരങ്ങൾ നടത്താൻ തുടങ്ങുന്നതോടെ ലഡാക്ക് അന്താരാഷ്ട്ര ഫുട്ബോളിലും സ്ഥാനം പിടിക്കും.

ലാറ്റിനമേരിക്കയിലെ ബൊളീവിയ, ഇക്വഡോർ, പെറു, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ സ്റ്റേഡിയങ്ങളുള്ള പ്രദേശങ്ങൾ മിക്കവയും സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെയാണ് സ്ഥിതിചെയ്യുന്നത്.

ഉദാഹരണത്തിന് ബൊളീവിയയിലെ ലാപാസ് 3,640ലേറെ മീറ്റർ ഉയരത്തിലാണ്; സുക്രെ 2,860 മീറ്ററും പൊട്ടൊസെ 4,040 മീറ്ററും ഉയരത്തിൽ സ്ഥിതിചെയ്യുന്നു. പെറുവിലെ കസ്‌കോ 3,416 മീറ്റർ ഉയരെയാണ്. ഇക്വഡോറിലെ ക്വിറ്റോ 2,900 മീറ്ററും കൊളംബിയയിലെ ബഗോട്ട 2,640 മീറ്ററും ഉയരത്തിലാണ്.

'ഉന്നതങ്ങളിലെ' ഫുട്‌ബോളും ഫിഫയുടെ വിലക്കും ഒക്കെ ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. സമുദ്രനിരപ്പിൽനിന്നു 2,500 മീറ്ററിലേറെ ഉയരത്തിലുള്ള സ്റ്റേഡിയങ്ങളിൽ രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ ഫിഫ നിരോധിച്ച ഒരു കാലമുണ്ടായിരുന്നു. 2007 മെയ്‌ 27നാണ് അന്നത്തെ ഫിഫ പ്രസിഡന്റ് ജോസഫ് സെപ് ബ്ലാറ്റർ ആ പ്രഖ്യാപനം നടത്തിയത്.