ശ്രീനഗർ: പാർട്ടി വിട്ട നേതാക്കളിൽ പലരും തിരിച്ചുവരാൻ തയ്യാറാണെങ്കിലും അവരെ തിരിച്ചെടുക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കഴിഞ്ഞ മാസം പി.ഡി.പിയിൽ വീണ്ടും ചേർന്ന മുൻ മന്ത്രി ഭൂഷൺ ലാൽ ദോഗ്രയുടെ അനുയായികൾ ഉൾപ്പെടെ പുതുമുഖങ്ങളെ സ്വാഗതം ചെയ്യുന്നതിന് പി.ഡി.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹ്ബൂബ.

2018 ജൂലൈയിൽ മെഹ്ബൂബയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാറിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്ന് മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെയുള്ള മുതിർന്ന പി.ഡി.പി നേതാക്കൾ പാർട്ടി വിട്ടിരുന്നു.

''പാർട്ടി വിട്ട് വിട്ടുപോയവരെ തിരിച്ചെടുക്കില്ല എന്നത് ഞാനെടുത്ത് തീരുമാനമാണ്. പാർട്ടി വിട്ടുപോയ പല നേതാക്കളും തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അവരെ തിരികെ എടുക്കാൻ പോകുന്നില്ല,' മെഹ്ബൂബ പറഞ്ഞു.

'ദോഗ്ര എന്റെ ഇളയ സഹോദരനെപ്പോലെയാണ്, ഞാൻ ഏറ്റവും ബഹുമാനിക്കുന്നയാളാണ്. പാർട്ടിയിൽ വീണ്ടും ചേരുന്നത് അസാധാരണമാണ്. അദ്ദേഹം മറ്റ് പ്രവർത്തകർക്കൊപ്പം പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് അക്ഷീണം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' മെഹ്ബൂബ കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാർ ജമ്മു കശ്മീരിനെ പരീക്ഷണത്തിനുള്ള ലബോറട്ടറിയായി ഉപയോഗിക്കുകയാണെന്നും അതിനുപയോഗിച്ചിരുന്ന പഴയ സംസ്ഥാനത്തെ നശിപ്പിച്ചെന്നും അവർ ആരോപിച്ചു.

'ജമ്മു കശ്മീരിനെ രക്ഷിക്കാൻ ഞാൻ ജനങ്ങളോട് അഭ്യർത്ഥക്കുകയാണ്. ജമ്മു കശ്മീരിനെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ രാജ്യത്തേയും രക്ഷിക്കുകയാണ്. ജമ്മു കശ്മീരിൽ നിന്നാണ് അവർ രാജ്യത്തെ നശിപ്പിക്കാൻ ആരംഭിച്ചത്,' മെഹ്ബൂബ പറഞ്ഞു.

ബിജെപി ഭരണത്തിന് കീഴിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയാണെന്നും ദരിദ്രരുടെ എണ്ണം ഇരട്ടിയായി വർധിച്ചെന്നും മെഹ്ബൂബ കൂട്ടിച്ചേർത്തു.

രണ്ട് പ്രദേശങ്ങളും ഒരുമിച്ച് നിൽക്കുന്നതും പരസ്പരം വേദന മനസിലാക്കുന്നതും കാണാൻ പാർട്ടി സ്ഥാപകൻ മുഫ്തി മുഹമ്മദ് സയീദ് ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും ഇന്നത് സംഭവിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.