- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്‌ച്ചയിൽ നാലു ദിവസം ജോലി ചെയ്ത ശേഷം മൂന്ന് ദിവസം വീട്ടിലിരിക്കാൻ പറ്റുമോ ? യു കെയിലെ 30 കമ്പനികൾ ആറുമാസത്തെ ട്രയൽ തുടങ്ങി; കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തുള്ള അധിക അവധി വിജയിക്കുമോ?
തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തന്നെ കാരണമായേക്കാവുന്ന പുതിയ പരീക്ഷണം നടക്കുകയാണ് ബ്രിട്ടനിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 30 കമ്പനികളാണ് ഈ പുതിയ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വരുന്ന ആറു മാസക്കാലം ഈ കമ്പനിയിലെ ജീവനക്കാർ ആഴ്‌ച്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി. ശമ്പളത്തിൽ മാറ്റമൊന്നും ഉണ്ടാവുകയില്ല.
ആഴ്‌ച്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം ഒഴിവുമെന്നത് തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലനാവസ്ഥ സൂക്ഷിക്കുവാൻ സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജോലികൾ തീർക്കേണ്ടത് ജീവനക്കാരിൽ സമ്മർദ്ദം ഏറ്റുമെന്ന് ഇതിനെ എതിർക്കുന്നവരും വാദിക്കുന്നു.
4 ഡേ വീക്ക് ഗ്ലൊബൽ എന്ന കൂട്ടായ്മയാണ് ഈ പരീക്ഷണത്തിന് ചുക്കാൻ പിടിക്കുന്നത്. വ്യത്യസ്ത കമ്പനികളിലെ ജീവനക്കാർ, ആഴ്‌ച്ചയിൽ 35 മണിക്കൂർ തന്നെ ജോലിചെയ്യും. എന്നാൽ ഇത് അഞ്ചു ദിവസമായി വിഭജിക്കുന്നതിനു പകരം നാല് ദിവസമായിട്ടായിരിക്കും വിഭജിക്കുക. ജോലിസമയത്തെ കുറിച്ച് അയവുള്ള ഒരു സമീപനമായിരിക്കും ഇതിൽ സ്വീകരിക്കുക. ഇത് ഉദ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
മോറിസണും യൂണിലിവറും നാലാഴ്‌ച്ച -ജോലി എന്നതിലേക്ക് മാറിയേക്കും എന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പ്രശസ്ത ക്യാമറ നിർമ്മാതാക്കളായ കാനൻ കമ്പനിയുടെ ബ്രിട്ടീഷ് വിഭാഗം ഈ ആറുമാസത്തെ പരീക്ഷണത്തിൽ പങ്കെടുക്കുന്നുണ്ട്. ആറ്റം ബാങ്ക് എന്ന സാമ്പത്തിക സ്ഥാപനം ഇപ്പോൾ തന്നെ ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിവസം എന്ന നയം നടപ്പാക്കികഴിഞ്ഞിരിക്കുന്നു.
അമേരിക്ക, കാനഡ, അയർലൻഡ്, ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നിവിടങ്ങളിലും സമാനമായ പരീക്ഷണങ്ങൾ നടക്കും. സ്പെയിനിലും സ്‌കോട്ട്ലാൻഡിലും ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു. ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിവസം എന്നത് ജീവനക്കാരുടെ ഉദ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്. മൂന്ന് ദിവസത്തെ ഒഴിവുദിനങ്ങൾ ആഘോഷിച്ച ശേഷം അവർ മടങ്ങിയെത്തുന്നത് കൂടുതൽ ഊർജ്ജസ്വലരായിട്ടാണത്രെ.
കോവിഡ് പ്രതിസന്ധി കാലത്ത് ആഴ്‌ച്ചയിൽ നാല് പ്രവർത്തി ദിവസം എന്ന ആശയം ഹൈസ്ട്രീറ്റ് ബിസിനസ്സ് സ്ഥാപനങ്ങളെ സഹായിക്കും എന്ന വാദവും ഉയരുന്നുണ്ട്. ആഴ്‌ച്ചയിൽ മൂന്ന് ഒഴിവു ദിനങ്ങൾ ലഭിക്കുന്നതിനാൽ ആളുകൾക്ക് ഷോപ്പിങ് നടത്തുവാൻ 20 ശതമാനം സമയം കൂടുതലായി ലഭിക്കും. ഇത് ഏറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നഹൈസ്ട്രീറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഒരു ഉയർത്തെഴുന്നേല്പിനുള്ള സാഹചര്യം ഒരുക്കും എന്നും കരുതപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ