ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ 30 അംഗ താരപ്രചാരകരുടെ പട്ടിക പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നഡ്ഡ തുടങ്ങിയവർ പട്ടികയിലുണ്ട്. പാർട്ടി എംപിമാരായ മനേക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും പട്ടികയിൽ ഇടംപിടിച്ചില്ല എന്നതാണ് ശ്രദ്ധേയം.

ബിജെപി ദേശീയ പ്രവർത്തക സമിതിയിൽനിന്ന് ഇരുവരേയും പുറത്താക്കിയിരുന്നു. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനെതിരെ വരുൺ ഗാന്ധി ട്വിറ്ററിൽ പലതവണ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.

ബിജെപിയുടെ 30 അംഗ താരപ്രചാരക പട്ടികയെ നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയാണ് രണ്ടാമത്. രാജ്നാഥ് സിങ്, അമിത് ഷാ, യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്, ധർമേന്ദ്ര പ്രധാൻ, സ്മൃതി ഇറാനി, മുഖ്താർ അബ്ബാസ് നഖ്വി, ദിനേശ് ശർമ, കേശവ് പ്രസാദ് മൗര്യ, സഞ്ജീവ് ബല്യാൻ, രാധാമോഹൻ സിങ് തുടങ്ങിയവരും പട്ടികയിലുണ്ട്.

ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ ജനുവരി മൂന്നാം വാരം മുതൽ ഉത്തർപ്രദേശിൽ പര്യടനം ആരംഭിക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും.