- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൊക്കേഷൻ ചിത്രം പങ്കുവച്ച് മീരാജാസ്മിൻ; പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാൻ ആഗ്രഹമെന്ന് താരം; ഒഫിഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ആദ്യ പോസ്റ്റ്
കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി മീരാജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രം 'മകളി'ലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ പേജും തുടങ്ങിയിരിക്കുകയാണ് താരം.ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് പേജിൽ പങ്കു വച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ്.
ദേശീയ അവാർഡ് ജേതാവായ മീര ജാസ്മിൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകളി'ലെ ഒരു വർക്കിങ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വരവ് അറിയിച്ചത്. വിശേഷങ്ങളും ഓർമകളുമായി എല്ലാവരോടും ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ബാഗും ഓഫീസ് ഐഡി കാർഡും ധരിച്ച് സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് മീര ചിത്രത്തിലുള്ളത്. ഹലോ ഇൻസ്റ്റഗ്രാം, പുതിയ തുടക്കം, ലൊക്കേഷൻ സ്റ്റിൽ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാ ജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമെന്നായിരുന്നു മീര ജാസ്മിൻ യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.
ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്റലിജെന്റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്. 'അച്ചുവിന്റെ അമ്മ', 'രസതന്ത്രം' എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും മീര ജാസ്മിൻ പറഞ്ഞിരുന്നു.
ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. മകൾ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാർ ആണ്. മീര ജാസ്മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോർട്ട്.
പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു തിരിച്ചുവരവിലെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ ആരാധകർ പറഞ്ഞത്. അടുത്തിടെ കാരവാനിൽ നിന്നുള്ള താരത്തിന്റെ ഡാൻസും വൈറലായിരുന്നു.